അനര്‍ഹരില്‍ നിന്ന് 351 റേഷന്‍ കാര്‍ഡ് പിടികൂടി, 4.2 ലക്ഷം പിഴ ഈടാക്കി

കണ്ണൂര്‍: അനധികൃതമായി മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ ഉപയോഗിക്കുന്നവരേ കുടുക്കി പൊതുവിതരണവകുപ്പിന്റെ ഓപ്പറേഷന്‍ യെല്ലോ. സെപ്റ്റംബര്‍ 18 മുതല്‍ ഇതുവരെ ജില്ലയില്‍ നടത്തിയ പരിശോധനയില്‍ 351 മുന്‍ഗണന കാര്‍ഡുകള്‍ പിടികൂടി. അനര്‍ഹമായി റേഷന്‍സാധനങ്ങള്‍ വാങ്ങിയതിന് 421580 രൂപ പിഴയും ഈടാക്കി.

മുന്‍ഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക്, നീല എന്നീ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വച്ചവരെ കണ്ടെത്താനാണു ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ ഓപ്പറേഷന്‍ യെല്ലോ. താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ റേഷന്‍ ഇന്‍സ്‌പെക്ടര്‍മാരാണു മുന്നറിയിപ്പില്ലാതെ വീടുകളിലെത്തി പരിശോധന നടത്തുന്നത്. ജില്ലയില്‍ കൂടുതല്‍ കാര്‍ഡുകള്‍ പിടികൂടിയത് ഇരിട്ടി താലൂക്കിലാണ്-136. തളിപ്പറമ്പ് 79, തലശേരി 57, കണ്ണൂര്‍ 52, പയ്യന്നൂര്‍ 27 എന്നിങ്ങനെയാണ് താലൂക്കടിസ്ഥാനത്തിലുള്ള കണക്ക്. 182 മുന്‍ഗണന-പിങ്ക്, 119 സബ്‌സിഡി-നീല, 50 അന്ത്യോദയ അന്നയോജന-മഞ്ഞ എന്നീ കാര്‍ഡുകളാണ് ഇതിലുള്ളത്. അനര്‍ഹരെ പൊതുവിഭാഗത്തിലേക്ക് മാറ്റുമെന്നും പകരം അര്‍ഹരായവര്‍ക്ക് സബ്‌സിഡി കാര്‍ഡുകള്‍ അനുവദിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ കെ അജിത്ത് കുമാര്‍ പറഞ്ഞു. മുന്‍ഗണന കാര്‍ഡ് പിഴയില്ലാതെ തിരിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാര്‍ 2021 ജൂലൈ മാസം വരെ അവസരം നല്‍കിയിരുന്നു. അതിന് ശേഷവും അര്‍ഹതയില്ലാതെ ആനുകൂല്യം കൈപ്പറ്റിയവരില്‍ നിന്നാണ് പിഴ ഈടാക്കിയത്. ഒരു കിലോ അരിക്ക് 40 രൂപ വില നിശ്ചയിച്ച് ഒരു വര്‍ഷം വാങ്ങിയ സാധനങ്ങളുടെ തുകയാണ് ഈടാക്കുന്നത്.

പ്രതിമാസ വരുമാനം 25,000 രൂപക്ക് മുകളിലുള്ളവര്‍, ഒരേക്കറില്‍ കൂടുതല്‍ ഭൂമിയുള്ളവര്‍, ആഡംബര-ആദായ നികുതി അടക്കുന്നവര്‍, സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല, സഹകരണ സ്ഥാപന ജീവനക്കാര്‍, സര്‍വീസ് പെന്‍ഷന്‍കാര്‍, 1000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടോ ഫ്‌ളാറ്റോ സ്വന്തമായുള്ളവര്‍, നാലുചക്ര വാഹനമുള്ളവര്‍, വിദേശത്തോ സ്വദേശത്ത് സ്വകാര്യ കമ്പനിയിലോ പ്രതിമാസം 25000 രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവരുടെ കുടുംബം എന്നിവര്‍ക്കാണ് മുന്‍ഗണന കാര്‍ഡിന് അര്‍ഹതയില്ലാത്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →