തിരുവനന്തപുരം: ഗവര്‍ണറുടെ തെറ്റായ നിലപാടുകള്‍ക്കെതിരെ എല്‍ഡിഎഫ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി നവംബര്‍ 15ന് രാജ്ഭവനു മുന്നില്‍ ധര്‍ണ നടത്തും. ഗവര്‍ണറുടെ നിലപാടിലെ രാഷ്ട്രീയം തുറന്നുകാട്ടാനാണ് പ്രതിഷേധം. മുഖ്യമന്ത്രിയും പ്രതിഷേധത്തില്‍ പങ്കെടുത്തേക്കും. ധര്‍ണക്കു മുമ്പ് എല്ലാ ജില്ലകളിലും കണ്‍വന്‍ഷനുകള്‍ നടത്തും.സംഘ്പരിവാര്‍ അജണ്ട നടപ്പിലാക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്ന് പ്രതിഷേധ പരിപാടികള്‍ വിശദീകരിച്ചു കൊണ്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. സര്‍വകലാശാലാ ചാന്‍സലറുടെ പദവിയിലിരുന്ന് വഴിവിട്ട നീക്കങ്ങള്‍ നടത്തുകയാണ് ഗവര്‍ണര്‍. സര്‍വകലാശാലയുടെ സ്വയംഭരണം തകര്‍ക്കാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. സെനറ്റ് അംഗങ്ങളെ തിരിച്ചുവിളിച്ചത് അമിതാധികാര പ്രയോഗമാണ്.
ആര്‍ എസ് എസ് അനുഭാവിയാണെന്ന് പരസ്യമായി പ്രഖ്യാപിച്ചു കൊണ്ടാണ് ഗവര്‍ണര്‍ മുന്നോട്ടു പോകുന്നത്. വി സി മാരെ നിരന്തരം ഭീഷണിപ്പെടുത്തുന്ന ഗവര്‍ണറുടെ നിലപാട് ചാന്‍സലര്‍ പദവിക്കു തന്നെ അപമാനമാണ്. ഉന്നത വിദ്യാഭ്യാസ മേഖല കൈപ്പിടിയിലൊതുക്കാനുള്ള ഗവര്‍ണറുടെ നീക്കത്തെ ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ചു.

