മയക്കുമരുന്നു വില്‍പ്പന: പ്രതികള്‍ക്ക് 10 വര്‍ഷം കഠിനതടവും ശിക്ഷ

മഞ്ചേരി: മലപ്പുറത്ത് മയക്കുമരുന്ന് വില്‍പ്പനക്കേസില്‍ റിമാന്‍ഡിലുള്ള പ്രതികള്‍ക്ക് 10 വര്‍ഷം കഠിനതടവും 1.10 ലക്ഷം രൂപ പിഴയും വിധിച്ചു. കോഴിക്കോട് മാങ്കാവ് വീട്ടിലകത്ത് ഹിജാസ്(24), കല്ലായി അമന്‍ വീട്ടില്‍ ഹക്കീല്‍(23) എന്നിവരെയാണ് മഞ്ചേരി എന്‍.ഡി.പി.എസ്. കോടതി ജഡ്ജി എം.പി. ജയരാജന്‍ ശിക്ഷിച്ചത്.

നിരോധിത ലഹരിവസ്തുകള്‍ കൈവശം വച്ചതിനും വിദ്യാര്‍ഥികള്‍ക്കു വില്‍പ്പന നടത്താന്‍ ശ്രമിച്ചതുമാണ് ഇവര്‍ക്കെതിരേയുള്ള കുറ്റം. 22 സി വകുപ്പനുസരിച്ച് 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും 22 ബി വകുപ്പ് പ്രകാരം ഒരു വര്‍ഷം തടവും 10,000 രൂപ പിഴയുമാണു വിധിച്ചത്. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. ഒരു ലക്ഷം രൂപ പിഴ അടച്ചില്ലെങ്കില്‍ ആറു മാസം തടവും, 10,000 രൂപ പിഴ അടച്ചില്ലെങ്കില്‍ ഒരു മാസം തടവും അധികം അനുഭവിക്കണം. 2020 ജൂണിലാണ് കേസിന് ആസ്പദമായ സംഭവം.

കോഴിക്കോട് സ്വദേശികളായ ഇവര്‍ നിരോധിത മയക്കുമരുന്നുകളായ എല്‍.എസ്.ഡി. സ്റ്റാമ്പ്, എം.ഡി.എം.എയും വില്‍പ്പന നടത്താനായി ശ്രമിക്കുന്നതിനിടെ കൊണ്ടോട്ടി നീറ്റാണിമല്‍ വച്ചാണ് പോലീസ് പിടിയിലായത്. ഹിജാസിന്റെ കൈവശം 0.190 ഗ്രാം എല്‍.എസ്.ഡി. സ്റ്റാമ്പും ഹക്കീലിന്റെ കൈവശം 3.740 ഗ്രാം എം.ഡി.എം.എയും മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച ബൈക്കും പിടിച്ചെടുത്തു.

രണ്ടുവര്‍ഷമായി പ്രതികള്‍ കോഴിക്കോട് ജില്ലാ ജയിലിലാണ്. 14 തൊണ്ടിമുതലും 24 രേഖകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. 11 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷനു വേണ്ടി അഡ്വ. തലാപ്പില്‍ സത്താര്‍ ഹാജരായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →