ഇടുക്കി: വ്യാജ സഹകരണസംഘം ഉണ്ടാക്കി 200 വീട്ടമ്മമാരുടെ കയ്യിൽ നിന്ന് പണം തട്ടിയ സംഭവത്തിൽ നാലുപേർക്കെതിരെ കട്ടപ്പന പോലീസ് കേസെടുത്തു. കാഞ്ചിയാർ, വണ്ടിപ്പെരിയാർ സ്വദേശിനികളായ മേരിക്കുട്ടി, മറിയാമ്മ, മഞ്ജു, ജാസ്മിൻ എന്നിവർക്കെതിരെയാണ് കട്ടപ്പന പോലീസ് കേസ് എടുത്തത്.
തട്ടിപ്പിന് പിന്നിൽ കൊല്ലം തിരുമുല്ലവാരം സ്വദേശിയായ ബോസ് എന്നയാളാണന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൊല്ലത്തെ രജിസ്റ്റർ ചെയ്ത ഹരിത ഫണ്ട് എന്ന സ്ഥാപനവുമായി ബന്ധപ്പെട്ടാണ് ബോസ് പ്രവർത്തിച്ചിരുന്നത് എന്നാണ് സൂചന. പ്രതികളിൽ ഏതാനും പേർ ഒളിവിലാണ്. കോവിൽ മലയിൽ ഉള്ള 200 വീട്ടമ്മമാരാണ് സഹകരണ സംഘത്തിന്റെ പേരിൽ തട്ടിപ്പിനിരയായത്. 1 ലക്ഷം രൂപ വീതം വായ്പ തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് ഒരാളുടെ പക്കൽ നിന്ന് 2000 രൂപ മുതൽ സംഘം തട്ടിയെടുത്തതായി പരാതിയിൽ പറയുന്നു.
20 മുതൽ 30 പേർ ഉൾപ്പെടുന്ന ഗ്രൂപ്പിലെ അംഗങ്ങൾ 2000 രൂപ മുതൽ സൊസൈറ്റിയിൽ നിക്ഷേപിച്ചാൽ വലിയ തുക വായ്പ നൽകാമെന്നും എല്ലാ മാസവും പലചരക്ക് കിറ്റുകൾ നൽകാമെന്നുമായിരുന്നു വാഗ്ദാനം. കോവിൽമല ഭാഗത്ത് മാത്രമായി 200 ഓളം വീട്ടമ്മമാർ പണവും, തിരിച്ചറിയൽ രേഖകളുടെ പകർപ്പും സംഘത്തിന് നൽകി. എന്നാൽ പറഞ്ഞ സമയം കഴിഞ്ഞിട്ട് വായ്പയോ, മറ്റ് അനുകൂല്യങ്ങളോ ലഭിച്ചില്ല. ഇതോടെയാണ് തട്ടിപ്പിനിരയായതാണെന്ന് വീട്ടമ്മമാർക്ക് മനസ്സിലായത്. കോവിൽമലയ്ക്ക് പുറമേ ജില്ലയിലുടനീളം ഇവർ ഇത്തരത്തിൽ തട്ടിപ്പ് നടത്തിയതായാണ് സൂചന. ചെറുതോണി, കരിമ്പൻ, കഞ്ഞിക്കുഴി തുടങ്ങിയ പ്രദേശങ്ങളിലും തട്ടിപ്പ് നടന്നിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പരാതികൾ ഉണ്ടാകും.