മട്ടാഞ്ചേരി: കൊച്ചിയിലെ ലഹരി മരുന്ന് വില്‍പ്പന ശൃംഖലയിലെ തലവന്‍ മട്ടാഞ്ചേരി പോലീസിന്റെ പിടിയിലായി. വാത്തുരുത്തി വിനു എന്നറിയപ്പെടുന്ന വിനു ആന്റണിയെയാണ് (36) മട്ടാഞ്ചേരി അസി. കമ്മീഷണര്‍ വി ജി രവീന്ദ്രനാഥ്, എസ് ഐ തൃതീപ് ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ കോയമ്പത്തൂരില്‍ നിന്ന് അറസ്റ്റ് ചെയ്തത്. രണ്ടാഴ്ച മുമ്പ് അര കിലോ എം ഡി എം എയുമായി ലഹരി മരുന്ന് ശൃംഖലയിലെ കണ്ണികളായ മട്ടാഞ്ചേരി സ്വദേശി ശ്രീനീഷ്, ഇടക്കൊച്ചി വലിയകുളം റോഡില്‍ ജോസഫ് പ്രിന്‍സ് അമരേഷ്, ആലുവ അയ്യമ്പുഴ സ്വദേശി സോണി ടോമി എന്നിവരെ പിടികൂടിയിരുന്നു. തുടര്‍ന്ന് മയക്ക് മരുന്നിന്റെ ഉറവിടത്തെക്കുറിച്ച് നടത്തിയ വിശദമായ അന്വേഷണത്തിലാണ് വിനു ആന്റണിയെക്കുറിച്ച് വിവരം ലഭിച്ചത്.
ഇയാള്‍ സംസ്ഥാനത്തിന് പുറത്തിരുന്ന് കേരളത്തിലെ പല സ്ഥലങ്ങളിലേക്കും ലഹരി മരുന്നിന്റെ മൊത്ത വിതരണം നിയന്ത്രിച്ചിരുന്നതായി പോലീസ് കണ്ടെത്തുകയും ഇയാളെ പിടികൂടാന്‍ മട്ടാഞ്ചേരി പോലീസ് ഇന്‍സ്പെക്ടര്‍ തൃതീപ് ചന്ദ്രന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയുമായിരുന്നു. ഈ സംഘം കോയമ്പത്തൂരില്‍ നിന്ന് ഇയാളെ വിദഗ്ധമായി പിടികൂടുകയായിരുന്നു. എറണാകുളം ജില്ല ഉള്‍പ്പെടെ സംസ്ഥാനത്തെ പല ജില്ലകളിലും ആന്ധ്രാ പ്രദേശിലും ലഹരി മരുന്ന് കേസുകള്‍ ഉള്‍പ്പെടെ മുപ്പതോളം കേസുകളില്‍ പ്രതിയായ കൊടും ക്രിമിനലായ ഇയാള്‍ കുറച്ച് നാളുകളായി പോലീസിനെ വെട്ടിച്ച് തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവടങ്ങളില്‍ നിന്ന് കേരളത്തിലെ ലഹരി മരുന്ന് ഇടപാടുകള്‍ നിയന്ത്രിച്ച് വരികയായിരുന്നുവെന്ന് എ സി പി. വി ജി രവീന്ദ്രനാഥ് പറഞ്ഞു.

