തിരുവനന്തപുരം: കൊവിഡ് ഇടപാടിലെ ലോകായുക്ത നോട്ടീസിന് അമിത പ്രാധാന്യം നല്‍കേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. ലോകായുക്തയുടെ മുന്നിലൊരു പരാതി എത്തിയാല്‍ സ്വഭാവികമായിട്ടുള്ള നടപടിയാണ് നോട്ടീസ് അയക്കുക എന്നത്. അതിനപ്പുറത്തേക്ക് അതിനെ വ്യാഖ്യാനിക്കേണ്ടതില്ലെന്നും ലോകായുക്ത നടപടിക്ക് അമിത പ്രാധാന്യം നല്‍കേണ്ടതില്ലെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. വിദേശയാത്രയെ കുറിച്ചുള്ള വിശദാംശങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പറയുമെന്നും വീണാ ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു.
കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ കൊവിഡ് പര്‍ച്ചേസ് അഴിമതിയില്‍ 14/10/22 വെള്ളിയാഴ്ചയാണ് ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടത്. മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ അടക്കമുള്ളവര്‍ക്കെതിരെയാണ് ലോകായുക്തയുടെ അന്വേഷണം. പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് ലോകായുക്ത നടപടി.
അതേസമയം, കൊവിഡ് പർച്ചേസില്‍ ഒരു അഴിമതിയും നടന്നിട്ടില്ലെന്നും എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നു എന്നും ആവർത്തിക്കുകയാണ് മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ. അടിയന്തര സാഹചര്യത്തിലാണ് ആദ്യ ഘട്ടത്തിൽ പർച്ചേസ് നടത്തിയത്. അന്ന് ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനായിരുന്നു ആദ്യ പരിഗണന നൽകിയത്. അതിനെ ഇപ്പോഴും പ്രതിപക്ഷം അഴിമതിയെന്ന് ആരോപിക്കുകയാണ്. ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചതിന്റെ പേരിൽ എന്ത് ശിക്ഷയും ഏറ്റുവാങ്ങാൻ തയ്യാറാണെന്നും ശൈലജ പറഞ്ഞു.

