എല്‍ദോസ് കുന്നപ്പിള്ളിക്കെതിരേ ബലാത്സംഗക്കുറ്റം: അറസ്റ്റ് ഉടന്‍

തിരുവനന്തപുരം: പെരുമ്പാവൂര്‍ എം.എല്‍.എ: എല്‍ദോസ് കുന്നപ്പിള്ളിക്കെതിരേ പോലീസ് ബലാത്സംഗക്കുറ്റം ചുമത്തി. ഒളിവിലുള്ള എം.എല്‍.എ പോലീസ് നിരീക്ഷണത്തിലാണെന്നും സ്പീക്കറെ അറിയിച്ച ശേഷം ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും സൂചന.

പീഡനവും തട്ടിക്കൊണ്ടുപോകലും ഉള്‍പ്പടെയുള്ള ഗുരുതര ആരോപണങ്ങള്‍ പരാതിക്കാരി ജില്ലാ ക്രൈം ബ്രാഞ്ചിനു മുന്നിലും ആവര്‍ത്തിച്ചതോടെ പീഡനക്കുറ്റം കൂടി ചുമത്തി പ്രത്യേക റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കാന്‍ അന്വേഷണസംഘം തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണു ബലാത്സംഘക്കുറ്റവും ചുമത്തിയത്. അറസ്റ്റിന് പ്രത്യേക ഉത്തരവിന്റെ ആവശ്യമില്ലെങ്കിലും എം.എല്‍.എ. ആയതിനാല്‍ സ്പീക്കറെ അറിയിക്കും.

എം.എല്‍.എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ 15/10/2022 ശനിയാഴ്ച കോടതി പരിഗണിക്കും. എം.എല്‍.എയ്‌ക്കെതിരേ കോണ്‍ഗ്രസിന്റെ അന്വേഷണവും തുടരുകയാണ്. അതിനിടെ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ” തട്ടിപ്പ് വശമില്ല, തെറ്റ് ചെയ്തിട്ടില്ല, വിശ്വസിക്കുന്ന ദൈവം മാത്രം തുണ, അധികാരം തനിക്ക് അവസാനവാക്കല്ല,പെരുമ്പാവൂരിലെ വോട്ടര്‍മാര്‍ പറയുന്നത് അനുസരിക്കും. പിന്തുണച്ചവര്‍ക്കും പിന്തുണ പിന്‍വലിച്ചവര്‍ക്കും നന്ദി”യെന്നു പറഞ്ഞാണ് ഫെയ്‌സ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്. പരാതിക്കാരിയെ ക്രിമിനല്‍ എന്നാണു വിശേഷിപ്പിച്ചിരിക്കുന്നത്. എം.എല്‍.എ ഓഫീസില്‍ വരാതെയും മണ്ഡലത്തിലെ പരിപാടികളില്‍ പങ്കെടുക്കാതെയും ഔദ്യോഗിക നമ്പരുകളടക്കം സ്വിച്ച് ഓഫ് ചെയ്തും നാലു ദിവസമായി എം.എല്‍.എ. ഒളിവിലാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →