ആലപ്പുഴ: തദ്ദേശ സ്ഥാപനങ്ങളിലെ മാലിന്യ ശേഖരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഡിജിറ്റലായി രേഖപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റത്തിന്റെ ക്യു.ആര്‍. കോഡ് പതിപ്പിക്കലിന് മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. 19-ാം വാര്‍ഡിലെ വരേകാട് ഫ്രാന്‍സിസിന്റെ വീട്ടില്‍ ക്യു.ആര്‍. കോഡ് പതിപ്പിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. സംഗീത പദ്ധതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. സജി അധ്യക്ഷത വഹിച്ചു. ക്യു.ആര്‍. കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ വീടുമായി ബന്ധപ്പെട്ട മാലിന്യങ്ങളുടെ ഇനം, അളവ്, കൈമാറുന്ന തീയതി, യൂസര്‍ ഫീ, ഹരിത കര്‍മസേന പ്രവര്‍ത്തകരുടെ പെരുമാറ്റം എന്നിവ രേഖപ്പെടുത്താനുള്ള സൗകര്യം ലഭിക്കും. പദ്ധതിയുടെ സാങ്കേതിക ചുമതല ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്ത കെല്‍ട്രോണിനാണ്. വാര്‍ഡ്തലം മുതല്‍ സംസ്ഥാനതലം വരെയുള്ള വിവരങ്ങള്‍ ഈ ഏകീകൃത പ്ലാറ്റ്‌ഫോമിലൂടെ നിരീക്ഷിക്കാം. പൊതുജനങ്ങളുടെ പരാതികള്‍ സ്വീകരിക്കുന്നതിനും ആപ്ലിക്കേഷനില്‍ സംവിധാനമുണ്ട്. ചടങ്ങില്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീലാ സുരേഷ്, സെക്രട്ടറി കെ. രേഖ, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ഹരിത കര്‍മ സേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കടുത്തു.
മാലിന്യ ശേഖരണ വിവരങ്ങള്‍: ക്യൂ.ആര്‍ കോഡ് പതിപ്പിക്കല്‍ ആരംഭിച്ചു
