കൊച്ചി: നരബലിക്ക് ശേഷം കൊല്ലപ്പെട്ടവരുടെ മാംസം കറിവച്ച് കഴിച്ചുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സിദ്ധനായെത്തിയ മുഹമ്മദ് ഷാഫിയുടെ നിർദേശ പ്രകാരമാണ് മാംസം കഴിച്ചതെന്ന് അറസ്റ്റിലായ ലൈല പൊലീസിനോട് പറഞ്ഞു. ചോദ്യം ചെയ്യലിൽ ആണ് ലൈല ഇക്കാര്യം പറഞ്ഞത്. ആഭിചാര ക്രിയകൾ സംബന്ധിച്ച ചില പുസ്തകങ്ങൾ വായിക്കാൻ ഷാഫി ആവശ്യപ്പെട്ടു. ഈ പുസ്തകങ്ങളിൽ നരബലി നടത്തി മാംസം കഴിക്കുന്നതിനെപ്പറ്റി പറഞ്ഞിട്ടുണ്ടെന്നും ലൈല പൊലീസിന് മൊഴി നൽകി.
നരബലിക്ക് മുമ്പ് സ്ത്രീകളുടെ ആഭരണങ്ങൾ മുഹമ്മദ് ഷാഫി കൈക്കലാക്കി. ഇവ പിന്നീട് എറണാകുളം, പത്തനംതിട്ട ജില്ലകളിലെ ബാങ്കുകളിൽ പണയം വെച്ചുവെന്നും മൊഴി നൽകിയിട്ടുണ്ട്. ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ കൂടി വന്നതോടെ ഇക്കാര്യത്തിൽ അടക്കം കൂടുതൽ അന്വേഷണം നടത്തണമെന്ന നിലപാടിലാണ് പൊലീസ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയശേഷം ഇതിൽ വ്യക്തത വരുത്തുമെന്നും പൊലീസ് വ്യക്തമാക്കി. മൂന്ന് പ്രതികളേയും കോടതിയിൽ ഹാജരാക്കി. പത്ത് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസ് നീക്കം.