കോട്ടയ്ക്കൽ: കോട്ടയ്ക്കലിലും സമീപപ്രദേശങ്ങളിലും 2022 ഒക്ടോബ ർ.11 ചൊവ്വാഴ്ച രാത്രി അനുഭവപ്പെട്ട അസാധാരണമുഴക്കം പരിഭ്രാന്തിയുണ്ടാക്കി. ഭൂചലനമാണെന്നും സംശയമുയർന്നു. രാത്രി 10.15-നാണ് പാലത്തറ, എടരിക്കോട്, അമ്പലവട്ടം, ആമപ്പാറ, നായാടിപ്പാറ, ആട്ടീരി, പറപ്പൂർ തുടങ്ങിയ സ്ഥലങ്ങളിൽ ആദ്യമുഴക്കം അനുഭവപ്പെട്ടത്. പിന്നീട് ഒരു ഇരുപത് മിനിറ്റിനുശേഷവും ഇതാവർത്തിച്ചു.
മുഴക്കങ്ങൾക്കുശേഷം കുറച്ചുസമയം ഒരു വിറയലുമുണ്ടായതായി മുഴക്കങ്ങളുണ്ടായ സ്ഥലങ്ങളിലെ ജനങ്ങൾ പറഞ്ഞു. ഇരമ്പലും ശബ്ദവും കേട്ടതായും ആളുകൾ പറഞ്ഞു. ദേശീയപാതാ നിർമാണവുമായി ബന്ധപ്പെട്ട ജോലികൾ നടക്കുന്നതിനാൽ, ശബ്ദം അതിന്റേതാണോ എന്ന സംശയവുമുണ്ടായി. എന്നാൽ, ഔദ്യോഗിക വിശദീകരണം ഉണ്ടായിട്ടില്ല.

