ആലപ്പുഴ: ജലാശയങ്ങളിലെ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുക ലക്ഷ്യമിട്ട് ഫിഷറീസ് വകുപ്പ് ജില്ലയില്‍ നടപ്പാക്കുന്ന വേമ്പനാട് പ്രോജക്റ്റിന്റെ ഭാഗമായി പാണാവള്ളി ഗ്രാമപഞ്ചായത്തിലെ വിവിധ ജലാശയങ്ങളില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. നാല് ലക്ഷം കാര ചെമ്മീന്‍ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്.
ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളുടെ വരുമാനവും മത്സ്യസമ്പത്തും വര്‍ധിപ്പിക്കാനാണിത്. അശാസത്രീയമായ മത്സ്യബന്ധന രീതികള്‍, ആവാസ വ്യവസ്ഥയുടെ നശീകരണം, മലിനീകരണം എന്നിവ മൂലം ജലാശയങ്ങളിലെ മത്സ്യസമ്പത്തിന്റെ അളവ് ക്രമാതീതമായി കുറയുന്ന സാഹചര്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
പാണാവള്ളി പഞ്ചായത്ത് കുറ്റിക്കര കടവില്‍ പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യാ സന്തോഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗങ്ങളായ കെ.ഇ. കുഞ്ഞുമോന്‍, ശാലിനി സമീഷ്, മിഥുന്‍ ലാല്‍, പഞ്ചായത്ത് സെക്രട്ടറി ആര്‍.എ. പ്രദീപ് കുമാര്‍, അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ലീനാ ഡെന്നീസ്, തേവര്‍വട്ടം ഫിഷറീസ് ഓഫീസര്‍ ശ്യാമധരന്‍, അക്വാകള്‍ച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.ആര്‍. രേഷ്മ, പ്രമോട്ടര്‍മാരായ സുനിതാ പ്രഹ്‌ളാദന്‍, എസ്. ശാലിനി, അനീഷാമ്മ തുടങ്ങിയവര്‍ പങ്കെടുത്തു.