തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളേജിൽ അഞ്ച് വർഷം മുമ്പ് നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയതായി പരാതി. പരാതിയിൽ അന്വേഷണത്തിന് നിർദേശം നൽകി ആരോഗ്യമന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് മന്ത്രി നിർദേശം നൽകിയത്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
2017ലാണ് താമരശേരി സ്വദേശിനിയായ ഹർഷീന അഷ്‌റഫ് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ഇതിനിടെ കത്രിക വയറ്റിനുള്ളിൽ കുടുങ്ങിയെന്നാണ് പരാതിയിൽ പറയുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി കത്രിക യുവതിയുടെ വയറ്റിലായിരുന്നു. ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതിക്ക് അവശതയും വേദനയും അനുഭവപ്പെട്ടിരുന്നു. അടുത്തിടെ അസ്വസ്ഥത കൂടിയതോടെ സ്വകാര്യ ആശുപത്രിയിലെത്തി നടത്തിയ സ്‌കാനിങ്ങിലാണ് കത്രിക വയറ്റിൽ കുടുങ്ങിയതായി കണ്ടെത്തിയത്.

