ലൊസാനെ: ഇന്ത്യന്‍ ഹോക്കി താരങ്ങളായ പിആര്‍ ശ്രീജേഷിനും സവിത പുനിയയ്ക്കും ഇന്റര്‍നാഷണല്‍ ഹോക്കി ഫെഡറേഷന്റെ (എഫ്ഐഎച്ച്) അവാര്‍ഡ്. ഈ വര്‍ഷത്തെ മികച്ച പുരുഷ, വനിത ഗോള്‍ കീപ്പര്‍മാരായാണ് യഥാക്രമം ഇരുവരും തെരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഇരുവരും പ്രസ്തുത അവാര്‍ഡിന് അര്‍ഹരാവുന്നത്.എഫ്ഐഎച്ച് ഹോക്കി പ്രോ ലീഗിലെയും കോമണ്‍വെല്‍ത്ത് ഗെയിംസിലെയും പ്രകടനമാണ് ശ്രീജേഷിന് തുണയായത്. പ്രോ ലീഗില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തിയപ്പോള്‍ കോമണ്‍വെല്‍ത്തില്‍ വെള്ളി നേടാനും സംഘത്തിന് കഴിഞ്ഞു. വോട്ടിങ്ങില്‍ 39.9 പോയിന്റാണ് മലയാളി താരത്തിന് ലഭിച്ചത്.ബെല്‍ജിയത്തിന്റെ ലോയിക് വാന്‍ ഡോറന്‍ (26.3 പോയിന്റ്), നെതര്‍ലന്‍ഡിന്റെ പ്രിമിന്‍ ബ്ലാക്ക് (23.2 പോയിന്റ്) എന്നിവരെയാണ് പിആര്‍ ശ്രീജേഷ് പിന്നിലാക്കിയത്. വിദഗ്ധര്‍ (40%), ടീമുകള്‍ (20%), ആരാധകര്‍ (20%), മീഡിയ (20%) എന്നിവര്‍ ഓണ്‍ലൈനിലാണ് വോട്ട് രേഖപ്പെടുത്തിയത്. എഫ്ഐഎച്ച് ഗോള്‍കീപ്പര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം തുടര്‍ച്ചയായി നേടുന്ന മൂന്നാമത്തെ പുരുഷ താരമാണ് ശ്രീജേഷ്. 2015ലും 2016ലും അവാര്‍ഡ് നേടിയ ഡേവിഡ് ഹാര്‍ട്ടെ (അയര്‍ലന്‍ഡ്) 2017 മുതല്‍ 2019 വരെ തുടര്‍ച്ചയായി മൂന്ന് തവണ പുരസ്‌കാരം നേടിയ വിന്‍സെന്റ് വനാഷ് (ബെല്‍ജിയം) എന്നിവരാണ് മുമ്പ് സമാന നേട്ടം സ്വന്തമാക്കിയത്.
പി ആര്‍ ശ്രീജേഷിനും സവിത പുനിയയ്ക്കും എഫ്ഐഎച്ച് പുരസ്‌കാരം
