ഇന്ത്യൻ വ്യോമസേനയുടെ അഭിമാനമായി ‘പ്രചണ്ഡ്’ ഹെലികോപ്റ്റർ: പ്രതിരോധരംഗത്തെ നിർണായകമായ ചുവടുവെയ്പ്പെന്ന് രാജ്‌നാഥ് സിങ്

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി നിർമിച്ച ‘പ്രചണ്ഡ്’ ലഘുയുദ്ധ ഹെലികോപ്റ്റർ വ്യോമസേനയുടെ ഭാഗമായി. 2022 ഒക്ടോബർ 3 തിങ്കളാഴ്ച രാജസ്ഥാനിലെ ജോധ്പുർ വ്യോമസേനാതാവളത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, സംയുക്തസേനാ മേധാവി ജനറൽ അനിൽ ചൗഹാൻ, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി.ആർ. ചൗധരി ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ചടങ്ങിലാണ് പ്രചണ്ഡ് ഹെലികോട്പറുകൾ സേനയ്ക്ക് കൈമാറിയത്.

നാല് ഹെലികോപ്ടറുകളാണ് ആദ്യഘട്ടത്തിൽ കൈമാറിയത്. ‘ധനുഷ്’ എന്ന 143 ഹെലികോപ്റ്റർ യൂണിറ്റിന്റെ ഭാഗമായാകും പ്രചണ്ഡ് ഹെലികോപ്റ്ററുകൾ പ്രവർത്തിക്കുക. പ്രചണ്ഡിന്റെ നിർമാണം പ്രതിരോധരംഗത്തെ നിർണായകമായ ചുവടുവെയ്പ്പാണെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. രാത്രിയും പകലും ഒരുപോലെ പ്രവർത്തിക്കാൻ ശേഷിയുള്ള പ്രചണ്ഡ് വ്യോമസേനയ്ക്ക് മുതൽക്കൂട്ടാണെന്നും അദ്ദേഹം പറഞ്ഞു.

15.80 മീറ്റർ നീളവും 4.70 മീറ്റർ ഉയരവുമുള്ള കോപ്റ്ററുകൾക്ക് മണിക്കൂറിൽ പരമാവധി 268 കിലോമീറ്റർ വേഗത്തിൽ പറക്കാം. 550 കിലോമീറ്ററാണ് പ്രവർത്തനദൂരപരിധി. 110 ഡിഗ്രി കറങ്ങി വെടിവെക്കാൻ കഴിയുന്ന 20 എംഎം ടററ്റ് തോക്കുകൾ, നാഗ് ടാങ്ക് വേധ മിസൈൽ, മിസ്ട്രാൽ വിമാനവേധ മിസൈലുകൾ, യന്ത്രപീരങ്കി എന്നിവയാണ് കോപ്റ്ററിലുള്ള ആയുധങ്ങൾ.

പൊതുമേഖലാസ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡാണ് കോപ്റ്ററുകൾ നിർമിച്ചത്. ഈ കോപ്റ്ററുകളുടെ നിർമാണത്തിനായി ഉപയോഗിച്ച സാമഗ്രികളിൽ 45 ശതമാനവും തദ്ദേശീയമാണെന്ന് പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. 15 കോപറ്ററുകളാണ് സേന വാങ്ങുന്നത്. ഇവയ്ക്ക് 3,887 കോടി രൂപ ചെലവ് വരും. ഇതിൽ പത്തെണ്ണം വ്യോമസേനയ്ക്കും അഞ്ചെണ്ണം കരസേനയ്ക്കുമാണ് നൽകുക.

ഉയർന്ന പർവതമേഖലകളായ ലഡാക്ക് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വിന്യസിക്കാൻ ശേഷിയുള്ളതാണ് പ്രചണ്ഡ്. തിരച്ചിൽ, രക്ഷാദൗത്യങ്ങൾ, അതിർത്തികടന്നുള്ള ആക്രമണങ്ങൾ എന്നിവയ്ക്ക് ‘പ്രചണ്ഡ്’ വിന്യസിക്കാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →