കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പ്രതിരോധ കയറ്റുമതിയിൽ ഇന്ത്യ നേടിയത് 334 ശതമാനം വളർച്ച

ന്യൂ ഡൽഹി : ഏറ്റവും വലിയ രണ്ടാമത്തെ സായുധ സേനയായ ഇന്ത്യൻ പ്രതിരോധ മേഖല വിപ്ലവത്തിന്റെ കൊടുമുടിയിൽ. ആയുധം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ മാത്രം ഇടം പിടിച്ചിരുന്ന ഇന്ത്യ ആയുധം കയറ്റുമതി ചെയ്യുന്നവരിലും പ്രധാനിയാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 334 ശതമാനമായിട്ടാണ് കുതിച്ചുയർന്നത്. എഴുപത്തിയഞ്ച് രാജ്യങ്ങളാണ് അവയുടെ സുരക്ഷ ഉറപ്പിക്കാൻ ഇന്ത്യയുടെ ആയുധങ്ങൾ ഉപയോഗിക്കുന്നത്. മേയ്ക്ക് ഇൻ ഇന്ത്യ, ആത്മനിർഭർ ഭാരത് തുടങ്ങിയ കേന്ദ്ര പദ്ധതികളിലൂടെയാണ് ഇന്ത്യ ഇത് സാദ്ധ്യമാക്കിയത്.

ലോകോത്തര സൈനിക ഉപകരണം നിർമ്മിക്കുന്നതിന് വേണ്ടി തദ്ദേശീയമായ രൂപകല്പന, ഗവേഷണം, പ്രതിരോധ ഉപകരണങ്ങളുടെ നിർമ്മാണം എന്നീ മേഖലകളിൽ സ്വകാര്യ പങ്കാളിത്തം ഉറപ്പിച്ചതും ഏറെ ഗുണകരമായി.കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പ്രതിരോധ കയറ്റുമതി 334 ശതമാനം വളർച്ച നേടി; ഇന്ത്യ ഇപ്പോൾ 75 ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു,’ പ്രസ് ഇൻഫർമേഷൻ ബ്യൂറോ ട്വീറ്റ് ചെയ്തു.

2022-23 സാമ്പത്തിക വർഷത്തിന്റെ (ഏപ്രിൽ- ജൂൺ) ആദ്യ പാദത്തിൽ ഏകദേശം 1,387 കോടി രൂപയുടെ പ്രതിരോധ സാമഗ്രികൾ ഇന്ത്യ കയറ്റുമതി ചെയ്തു. ഇതോടെ പ്രതിരോധ, സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട കയറ്റുമതി 2021-22 സാമ്പത്തിക വർഷത്തിൽ എക്കാലത്തെയും ഉയർന്ന നിലയായ 12,815 കോടി രൂപയിലെത്തി. ഇത് മുൻ വർഷത്തേക്കാൾ 54.1 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 2020-21 ൽ 8,434 കോടി രൂപയും 2019-20 ൽ 9,115 കോടി രൂപയും 2015-16 ൽ 2,059 കോടി രൂപയുമാണ്. ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി പ്രധാനമായും അമേരിക്ക, തെക്ക്കിഴക്കൻ ഏഷ്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങളിലെ രാജ്യങ്ങളിലേക്കാണ്.

പ്രതിരോധ നിർമ്മാണത്തിൽ കുതിച്ചുചാട്ടമുണ്ടാക്കാനായി രണ്ട് പ്രതിരോധ വ്യവസായ ഇടനാഴികൾ രാജ്യത്തുണ്ട്. ഉത്തർപ്രദേശിലും തമിഴ്നാട്ടിലുമാണ് ഇവ. തദ്ദേശീയമായ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഈ പ്രതിരോധ വ്യവസായ ഇടനാഴികൾ രൂപകൽപ്പന ചെയ്തിട്ടുള്ളത്. 2025ഓടെ 35,000 കോടി രൂപയുടെ കയറ്റുമതി ഉൾപ്പെടെ 1.75 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഉൽപ്പാദനമാണ് പ്രതിരോധ മന്ത്രാലയം ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം കൈവരിക്കുന്നതിൽ പ്രധാന പങ്ക് ഇന്ത്യയുടെ പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങൾക്കാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →