കൊച്ചി: പോപ്പുലർ ഫ്രണ്ട് ഹർത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഹർത്താലിലെ അക്രമസംഭവങ്ങൾ തടയാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ഹൈക്കോടതി. ഹർത്താൽ കോടതി നിരോധിച്ചതാണെന്നും കോടതി വ്യക്തമാക്കി. ദേശീയതലത്തിൽ എൻ എ ഐ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിനും, തുടർന്നുള്ള സംഘടനാ നേതാക്കളുടെ അറസ്റ്റിലും പ്രതിഷേധിച്ചാണ് പോപ്പുലർ ഫ്രണ്ട് ഹർത്താൽ ആഹ്വാനം ചെയ്തത്.
ഹർത്താലിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് 23/09/22 വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ വലിയ അക്രമ സംഭവങ്ങളാണ് അരങ്ങേറുന്നത്. സംസ്ഥാനം എങ്ങും കെഎസ്ആർടിസി ബസുകൾ ആക്രമിക്കപ്പെട്ടു. തുറന്ന കടകൾ എല്ലാം തല്ലിപൊളിക്കുകയും, പൂട്ടിക്കുകയും ചെയ്തു. പോലീസുകാർക്കെതിരെയും ആക്രമങ്ങൾ ഉണ്ടായി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഭീകരാന്തരീക്ഷം നിലനിൽക്കുകയാണ്.
സംസ്ഥാനമൊട്ടുക്ക് നൂറുകണക്കിന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഈരാറ്റുപേട്ട തുടങ്ങിയ പോപ്പുലർ ഫ്രണ്ടിന്റെ ശക്തി കേന്ദ്രങ്ങളിൽ പോലീസിന് പലവട്ടം ലാത്തി വീശേണ്ടി വന്നു. എല്ലാ ജില്ലകളിലും 23/09/22 വെള്ളിയാഴ്ച രാവിലെ തുടങ്ങിയ സംഘർഷാവസ്ഥ ഇപ്പോഴും ശമിച്ചിട്ടില്ല. ഇതേ തുടർന്നാണ് ഹൈക്കോടതിയുടെ ഇടപെടൽ ഉണ്ടായത്.

