കോഴിക്കോട്: പൂർവ്വ വിദ്യാർത്ഥി അഖിൽ എസ് പ്രസാദിന്റെ ആത്മഹത്യാക്കുറിപ്പിൽ ഡയറക്ടറുടെ പേര് പരാമർശിച്ചതിനെത്തുടർന്ന് പ്രതിഷേധം ശക്തമായതോടെ എൻഐടി ഡയറക്ടർ പ്രസാദ് കൃഷ്ണ അവധിയിൽ പ്രവേശിക്കുന്നു. ഡെപ്യൂട്ടി ഡയറക്ടർ പ്രൊഫസർ സതീദേവിക്കാണ് പകരം ചുമതല. ഡയറക്ടർ അവധിയിൽ പ്രവേശിക്കുകയാണെന്ന് കാട്ടി വിദ്യാർത്ഥികൾക്ക് എൻഐടി അധികൃതർ ഇ മെയിൽ സന്ദേശം അയച്ചിട്ടുണ്ട്. സൂറത്കൽ എൻഐടി ഡയറക്ടറുടെ ചുമതല കൂടി ഉള്ളതിനാൽ പ്രസാദ് കൃഷ്ണ അവിടേക്ക് പോകാനായി അവധിയെടുത്തതാണെന്നാണ് ഔദ്യോഗിക വിശദീകരണം. ഇത് താത്ക്കാലിക ക്രമീകരണം മാത്രമാണെന്നും എൻഐടി അധികൃതർ അറിയിച്ചു. അതേസമയം ഡയറക്ടർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സെപ്റ്റംബർ 22 ന് എംഎസ്എഫ് നടത്തിയ മാർച്ചിൽ നേരിയ സംഘർഷമുണ്ടായി.
എൻഐടിയിലെ പഠനം ഉപേക്ഷിക്കാൻ പ്രൊഫ. പ്രസാദ് കൃഷ്ണ മാനസികമായി സമ്മർദം ചെലുത്തിയെന്നാണ് അഖിൽ ആത്മഹത്യാകുറിപ്പിൽ എഴുതിയിരിക്കുന്നത്. 2022 സെപ്തംബര് 20 ചൊവ്വാഴ്‍ച്ചയാണ് അഖിലിനെ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ജലന്ധറിലെ ലൌലി പ്രൊഫഷണൽ സർവകലാശാലയിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ് അഖിൽ എസ് ദിലീപ്. ചേർത്തല പള്ളുരുത്തി സ്വദേശി ദിലീപിൻറെ മകനാണ് 21 വയസുകാരനായ അഖിൽ. മൃതദേഹത്തിന് സമീപം കണ്ടെത്തിയ കുറിപ്പിലാണ് പ്രൊഫ പ്രസാദ് കൃഷ്ണ എൻഐടിയിലെ പഠനം ഉപേക്ഷിക്കാൻ മാനസികമായി സമ്മർദ്ദം ചെലുത്തിയെന്ന് ആരോപിക്കുന്നത്. നേരത്തെ കോഴിക്കോട് എൻഐടിയിലെ ബിടെക് വിദ്യാർത്ഥിയായിരുന്നു അഖിൽ. പ്രൊഫ പ്രസാദ് കൃഷ്ണ ഡയറക്ടർ സ്ഥാനത്ത് നിന്നും മാറിനിൽക്കണം എന്നാവശ്യപ്പെട്ട് വൈകിട്ട് എസ്എഫ്ഐ കോഴിക്കോട് എൻഐടിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
പിന്നാലെ എൻഐടി വിശദീകരണ കുറിപ്പിറക്കി. 2018 മുതൽ 2022 വരെ നാല് വർഷത്തെ എൻഐടിയിലെ പഠനത്തിന് ശേഷവും ഒന്നാം വർഷത്തെ വിഷയങ്ങൾ പാസാകാൻ അഖിലിന് കഴിഞ്ഞില്ലെന്നും, ഇതിനെ തുടർന്നാണ് സ്ഥാപനത്തിൽ നിന്നും പുറത്തായതെന്നും വാർത്താകുറിപ്പിൽ വിശദീകരിച്ചു. മരണവിവരം അറിഞ്ഞതിന് പിന്നാലെ നൂറുകണക്കിന് വിദ്യാർത്ഥികൾ ജലന്ധറിലെ സർവകലാശാല ക്യാംപസിനകത്ത് പ്രതിഷേധിച്ചിരുന്നു. പത്ത് ദിവസത്തനിടെ രണ്ടാമത്തെ മരണമാണെന്നും, സംഭവം മറച്ചുവയ്ക്കാൻ സർവകലാശാല അധികൃതർ ശ്രമിക്കുകയാണെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. രാത്രി സർവ്വകലാശാലയിലെത്തിയ പഞ്ചാബ് പൊലീസ് ലാത്തിചാർജ് നടത്തിയെന്നും വിദ്യാർത്ഥികൾ പറഞ്ഞു. അഖിലിൻറെ ബന്ധുക്കൾ ജലന്ധറിലെത്തി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം വിട്ടു നൽകും. സംഭവത്തിൽ ബന്ധുക്കളുടെ പരാതിയിൽ പഞ്ചാബ് പൊലീസ് കേസെടുത്തു. അന്വേഷണം ആവശ്യപ്പെട്ട് പഞ്ചാബിലെ കോൺഗ്രസ് നേതാക്കളും രംഗത്തെത്തി. കേസ് അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്ന് ലൌലി പ്രൊഫഷണൽ സർവകലാശാല അധികൃതരും അറിയിച്ചു

