കൊച്ചി : പോപ്പുലർ ഫ്രണ്ട് ദേശീയ സംസ്ഥാന നേതാക്കളായ പതിനെട്ട് പേര്‍ കൊച്ചിയിൽ അറസ്റ്റിൽ. ദേശീയ സെക്രട്ടറി നസറുദ്ദീൻ എളമരം അടക്കം മുതിര്‍ന്ന നേതാക്കളാണ് അറസ്റ്റിലായത്. ഇവരിൽ എട്ട് പേരെ ദില്ലിയിലേക്ക് കൊണ്ടുപോയി. പത്ത് പേരുടെ അറസ്റ്റ് കൊച്ചി എൻഐഎ യൂണിറ്റ് രേഖപ്പെടുത്തി. ഇവരെ കൊച്ചിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കും. കേരളത്തിൽ 22/09/22 വ്യാഴാഴ്ച നടന്ന പരിശോധനകളിൽ നിരവധിപ്പേരെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ആദ്യമായാണ് അറസ്റ്റ് രേഖപ്പെടുത്തുന്നത്.
ഒഎംഎ സലാം ദേശീയ പ്രസിഡന്റ് (മലപ്പുറം), സൈനുദ്ദീൻ ഇടുക്കി ജില്ലാ സെക്രട്ടറി, നസറുദ്ദീൻ എളമരം ദേശീയ സെക്രട്ടറി(വാഴക്കാട്), മുഹമ്മദ് ബഷീർ സ്റ്റേറ്റ് പ്രസിഡന്റ്, (തിരുവനന്തപുരം), സാദിഖ് മുഹമ്മദ് ജില്ലാ സെക്രട്ടറി പത്തനംതിട്ട, നജിമുദ്ദീൻ മുണ്ടക്കയം, പി കോയ കോഴിക്കോട്, അബ്ദുൽ റഹ്മാൻ കളമശ്ശേരി ദേശീയ വൈസ് പ്രസിഡണ്ട്, മുഹമ്മദലി ജിന്ന തമിഴ്നാട്സ്വദേശി, മുഹമ്മദ് ഷാഹിദ് എന്നിവരെ കോട്ടയത്തുനിന്നും പിടികൂടി.
സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഓഫീസുകളും നേതാക്കളുടെ വീടുകളുമടക്കം 70 ഓളം കേന്ദ്രങ്ങളിലാണ് 22/09/22 വ്യാഴാഴ്ച പുലര്‍ച്ചെ റെയ്ഡ് നടന്നത്. സംസ്ഥാനത്ത് ആദ്യമായാണ് എൻഐഎ ഒരേ സമയം ഇത്രയേറെ വ്യാപകമായ തെരച്ചിൽ നടത്തുന്നത്. 22/09/22 വ്യാഴാഴ്ച പുലർച്ചെ 3.30 ഓടെ കേന്ദ്രസേനയെ വിന്യസിച്ചാണ് റെയ്ഡ് തുടങ്ങിയത്. പോപ്പുലർ ഫ്രണ്ട് ദേശീയ ചെയർമാൻ ഒഎംഎ സലാമിനെ മഞ്ചേരിയിലെ വീട്ടിൽ നിന്നും സംസ്ഥാന പ്രസിഡണ്ട് സിപി മുഹമ്മദ് ബഷീറിനെ തിരുനാവായിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. ദേശീയ ജനറൽ സെക്രട്ടറി നസറുദ്ദീൻ എളമരത്തെയും കസ്റ്റഡിയിലെടുത്തിരുന്നു. ഇദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

