തിരുവനന്തപുരം: ഭർത്താവിന്റെ വെട്ടേറ്റ ഇടതു കൈപ്പത്തി അറ്റുപോയ കലഞ്ഞൂർ പറയൻകോട് ചാവടി മലയിൽ വിദ്യയുടെ (27) കൈപ്പത്തി തുന്നി ചേർത്തു. അറ്റുപോയ കൈപ്പത്തി എട്ടുമണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ തുന്നി ചേർത്തത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് വിദ്യ.
വെട്ടേറ്റ് വലതു കൈവിരലുകളും അറ്റുപോയിരുന്നു. പരിക്കേറ്റ വിദ്യയുടെ പിതാവ് വിജയനും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് എന്നാൽ ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ല. വിദ്യയെ 17/09/22 ശനിയാഴ്ചയാണ് ഭർത്താവ് സന്തോഷ് (28) പരിക്കേൽപ്പിച്ചത്. വിദ്യയെ ആക്രമിക്കുന്നത് തടയുന്നതിനിടയിലാണ് യുവതിയുടെ അച്ഛൻ വിജയനും പരിക്കേറ്റത്.
അടൂരിൽ നിന്ന് കസ്റ്റഡിയിലെടുത്ത സന്തോഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സന്തോഷിനെ കൊട്ടാരക്കര സബ്ജയിലിലേക്ക് മാറ്റി. വിദ്യയും സന്തോഷം ഏറെ നാളായി പിണങ്ങി കഴിയുകയായിരുന്നു. ഇരുവരുടെയും വിവാഹമോചന കേസ് കോടതിയുടെ പരിഗണനയിലാണ്. സംശയ രോഗിയായി സന്തോഷ് വിദ്യയെ നിരന്തരം മർദ്ദിക്കുമായിരുന്നു. മകന്റെ പേരിടീൽ ചടങ്ങിന് എത്തിയപ്പോഴും വിദ്യയെ ഉപദ്രവിച്ചിരുന്നു. ഈ സംഭവത്തിന്റെ തുടർച്ചയായാണ് വിവാഹമോചനത്തിനായി വിദ്യ കേസ് ഫയൽ ചെയ്തത്.
വെട്ടുകത്തി കൊണ്ടുള്ള വെട്ട് തടുക്കുന്നതിനിടെ ഇടതു കൈയിൽ വെട്ടുകൊണ്ട് കൈപ്പത്തി അറ്റ് തൂങ്ങി. വലതു കൈയിലെ വിരലുകൾക്കും പരിക്കുണ്ട്. ഉടനെ ബന്ധുക്കൾ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്നാണ് രാത്രി തന്നെ തിരുവനന്തപുരത്ത് എത്തി കോട്ടക്കകത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. അവിടെ നടന്ന പരിശോധനകൾക്ക് ശേഷം ശസ്ത്രക്രിയയ്ക്ക് 10 ലക്ഷത്തിലധികം രൂപ ചെലവാകുമെന്നും ശാസ്ത്രക്രിയ നടന്നാൽ തന്നെ വിജയിക്കുന്ന കാര്യത്തിൽ ഉറപ്പില്ലെന്നും ഡോക്ടർമാർ പറഞ്ഞതായി വിദ്യയുടെ അച്ഛൻ വിജയൻ അറിയിച്ചു.
തുടർന്ന് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഓഫീസ് ഇടപെട്ട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ച ഉടൻ ശസ്ത്രക്രിയ നടത്തുകയായിരുന്നു. മൾട്ടി ഡിസിപ്ലിനറി ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന വിദ്യ 48 മണിക്കൂർ നിരീക്ഷണത്തിലാണ്.
വിദ്യയുടെ കൈപ്പത്തി തുന്നിച്ചേർത്ത ശസ്ത്രക്രിയ സംഘത്തിൽ അസ്ഥിരോഗ വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ ബിനോയ്, ഡോക്ടർ രോഹിത്, ഡോക്ടർ ജയ്സൺ, പ്ലാസ്റ്റിക് സർജറി അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ ബിനോദ്, ഡോക്ടർ ലിഷ, ഡോക്ടർ വൃന്ദ, ഡോക്ടർ ചാൾസ്, അനസ്തേഷ്യവിഭാഗത്തിൽനിന്ന് ഡോക്ടർ സുരയ്യ, ഡോക്ടർ ആതിര എന്നിവർക്കൊപ്പം നഴ്സ് രമ്യയും, സഹപ്രവർത്തകരും പങ്കെടുത്തു.

