കൊല്‍ക്കത്ത: ഡുറന്‍ഡ് കപ്പ് ഫുട്‌ബോളിന്റെ സമ്മാനദാന ചടങ്ങിനിടെ ബംഗളുരു എഫ്.സിയുടെ സുനില്‍ ഛേത്രിയെ തള്ളിമാറ്റിയ പശ്ചിമ ബംഗാള്‍ ഗവര്‍ണറുടെ നടപടിക്കെതിരേ രൂക്ഷ വിമര്‍ശനം.
സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ ഗവര്‍ണര്‍ ലാ ഗണേശനെതിരേ വിമര്‍ശനം ഉയര്‍ന്നു. സുനില്‍ ഛേത്രിക്കും സംഘത്തിനും ട്രോഫി സമ്മാനിച്ചത് ലാ ഗണേശനാണ്. പിന്നാലെ ട്രോഫിക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെയാണു ഗവര്‍ണര്‍ ഛേത്രിയെ തട്ടിമാറ്റി മുന്നോട്ട് നിന്നത്. ഇന്ത്യന്‍ ടീം നായകന്‍ കൂടിയായ ഛേത്രിയെ ലാ ഗണേശന്‍ അപമാനിച്ചെന്നാണ് ആരാധകരുടെ ആരോപണം.
ഗവര്‍ണര്‍ താരത്തോട് ക്ഷമ ചോദിക്കണമെന്നും നിരവധി പേര്‍ അഭിപ്രായപ്പെട്ടു. മുംബൈ സിറ്റി എഫ്.സിയെ 2-1 നു തോല്‍പ്പിച്ചാണു ബംഗളുരു എഫ്.സി. ചാമ്പ്യന്‍മാരായത്.ഡുറന്‍ഡ് കപ്പില്‍ ബംഗളുരുവിന്റെയും സുനില്‍ ഛേത്രിയുടെയും കന്നി മുത്തമായിരുന്നു. 2013 ല്‍ രംഗത്തെത്തിയ ബംഗളുരുവിന്റെ ഏഴാം കിരീടമാണിത്. അവര്‍ രണ്ട് ഐ ലീഗ് കിരീടങ്ങളും ഒരു ഐ.എസ്. എല്‍. കിരീടവും ഒരു സൂപ്പര്‍ കപ്പും ഇതിനു മുമ്പ് നേടി.