ആർഎസ്എസ് നേതാവ് ശ്രീനിവാസൻ കൊലക്കേസിൽ മലപ്പുറം സ്വദേശി സിറാജുദീനെ പോലീസ് അറസ്റ്റ് ചെയ്തു: ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 26 ആയി

പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസൻ കൊലക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ മലപ്പുറം സ്വദേശി സിറാജുദീനാണ് അറസ്റ്റിലായത്. സിറാജുദ്ദീനെക്കുറിച്ച് ലഭിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങളെന്ന് പൊലീസ്.കേസിലെ 38 മത്തെ പ്രതിയാണ് സിറാജുദീൻ. 2022 സെപ്തംബർ 17 ശനിയാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. സജീവ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനാണ് സിറാജുദ്ദീൻ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 26 ആയി.

സിറാജുദീൻ കൂടുതൽ പ്രതികൾക്ക് ഒളിത്താവളമൊരുക്കിയ ആളാണെന്നും പൊലീസ് പറയുന്നു. വിവിധ കൊലക്കേസുകളിൽ ഉൾപ്പെട്ട പോപ്പുലർ ഫ്രണ്ട് നേതാക്കൾക്ക് സിറാജുദ്ദീനാണ് ഒളിത്താവളം ഒരുക്കിയത്. ഏറെ ചർച്ച ചെയ്യപ്പെട്ട കൈവെട്ട് കേസ്, സഞ്ജിത് കൊലക്കേസ് പ്രതികളെയും ഇയാൾ സഹായിച്ചതായി കണ്ടെത്തി. പ്രതിയിൽ നിന്നും പിടിച്ചെടുത്ത പെൻഡ്രൈവിൽ കൊലപാതക ദൃശ്യങ്ങളുണ്ടെന്നും പൊലീസ് പറയുന്നു. പാലക്കാട് ആർഎസ്എസ് നേതാവ് സഞ്ജിതിനെ വെട്ടിയതിന് ശേഷമുള്ള ദൃശ്യങ്ങൾ പെൻഡ്രൈവിൽ ഇയാൾ സൂക്ഷിച്ചിരുന്നത്. ഇയാളിൽ നിന്ന് മലപ്പുറം, കോട്ടയ്ക്കൽ ഭാഗങ്ങളിലെ 12 ആർഎസ്എസ്-ബിജെപി പ്രവർത്തകരുടെ ഫോട്ടോയും വിവരങ്ങളും അടങ്ങുന്ന ലിസ്റ്റും പൊലീസ് കണ്ടെടുത്തു. എന്തിനാണ് ഇത്തരമൊരു പട്ടിക ഇയാൾ സൂക്ഷിച്ചതെന്നും പൊലീസ് വിശദമായി പരിശോധിക്കും. .

2022ഏപ്രിൽ 16 നാണ് ആർഎസ്എസ് പ്രവർത്തകനായ ശ്രീനിവാസനെ അക്രമികൾ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്തുന്നത്. പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിൻറെ കൊലപാതകത്തിന് പ്രതികാരമാണ് ശ്രീനിവാസൻ വധമെന്നാണ് അന്വേഷണ സംഘത്തിൻറെ കണ്ടെത്തൽ. പോപുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിൻറെ മൃതദേഹം സൂക്ഷിച്ചിരുന്ന പാലക്കാട് ജില്ല ആശുപത്രി മോർച്ചറിക്ക് സമീപമാണ് ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടന്നതെന്നാണ് പൊലീസ് കണ്ടെത്തിയത്. അന്ന് രാത്രി മോർച്ചറിക്ക്‌ പിറകിലെ ഗ്രൗണ്ടിൽ വച്ച് ഒരു വിഭാഗം ഗൂഢാലോചന നടത്തി. 16ന് പകൽ ഒരു മണിക്കാണ് രണ്ട് ബൈക്കുകളിലായി ആറുപേർ മേലാമുറിയിലെ എസ്കെഎസ് ഓട്ടോസ് എന്ന സ്ഥാപനത്തിന് മുന്നിലെത്തുന്നത്. തുടർന്ന് മൂന്ന് പേർ കടയിലേക്ക് ഓടിക്കയറി ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് കേസ്.

കൊലപാതകത്തിന് മുമ്പും ശേഷവും പ്രതികളിൽ ചിലർ ജില്ലാ ആശുപത്രിയിൽ എത്തിയിരുന്നതായുള്ള സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചിരുന്നു. ശ്രീനിവാസന്റെ ശരീരത്തിൽ ആഴത്തിൽ മുറിവുകളേറ്റെന്നായിരുന്നു ഇൻക്വസ്റ്റ് പരിശോധനയിലും പോസ്റ്റ് മോർട്ടത്തിലും വ്യക്തമായത്. ശരീരത്തിലാകെ പത്തോളം ആഴത്തിലുള്ള മുറിവുകളാണ് കണ്ടെത്തിയത്. തലയിൽ മാത്രം മൂന്ന് വെട്ടുകളേറ്റു. കാലിലും കൈയ്യിലും ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു

കേസിൽ ഒളിവിൽ കഴിയുന്നവർക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ഒൻപത് പേർക്കെതിരെയാണ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. കേസിൽ ഇതുവരെ 26 പ്രതികളെയാണ് ഇതുവരെ പിടികൂടിയിരുന്നത്. കേസിൽ 11 പേരെയാണ് ഇനി പിടികൂടാനുള്ളത്. ഫോട്ടോ ലഭ്യമായ ഒൻപത് പ്രതികൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →