തിരുവനന്തപുരം ബാർട്ടൻ ഹിൽ ഗവൺമെന്റ് എൻജിനിയറിങ്ങ് കോളേജിലെ വിദ്യാർഥികൾ വികസിപ്പിച്ച ഇലക്ട്രിക് കാർ രാജ്യാന്തര എനർജി എഫിഷ്യന്റ് മത്സരമായ ഷെൽ ഇക്കോ മാരത്തണിന്റെ അവസാന ഘട്ടത്തിലേക്ക് തിരിഞ്ഞെടുക്കപ്പെട്ടു. കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന മുൻനിര ഓട്ടോമോട്ടീവ് സോഫ്റ്റ്‌വെയർ കമ്പനിയായ ആക്‌സിയ ടെക്‌നോളജീസിന്റെ മേൽനോട്ടത്തിൽ, കേരള സർക്കാരിന്റെ അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാമിന്റെ (ASAP) പിന്തുണയോടെയാണ് വിദ്യാർഥികൾ ഈ കാർ രൂപകൽപ്പന ചെയ്തത്.
2022 ഒക്ടോബർ 11 മുതൽ 16 വരെ ഇൻഡൊനീഷ്യയിലെ പെർട്ടമിന മണ്ഡലിക സർക്യൂട്ടിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യയിൽ നിന്ന് യോഗ്യത നേടിയിട്ടുള്ള അഞ്ച് ടീമുകളിൽ ഒന്നാണ് ബാർട്ടൻ ഹിൽ എൻജിനിയറിങ്ങ് കോളേജിലെ വിദ്യർത്ഥികളുടേത്. മെക്കാനിക്കൽ എൻജിനിയറിങ്ങ് വിഭാഗത്തിലെ 19 വിദ്യാർഥികളുടെ കൂട്ടായ്മയായ പ്രവേഗയാണ് വണ്ടി എന്ന് പേരിട്ടിരിക്കുന്ന ഈ ഇലക്ട്രിക് കാർ നിർമിച്ചിരിക്കുന്നത്. പ്രവേഗ ടീം ഫാക്കൽറ്റി അഡൈ്വസർ അനീഷ് കെ. ജോൺ ആണ് പദ്ധതിക്ക് നേതൃത്വം നൽകിയിരിക്കുന്നത്.
ഇലക്ട്രിക് കാർ എന്നതിന് പുറമെ, ഈ വാഹനത്തിന്റെ ഡിസൈൻ ശൈലിയാണ് വേറിട്ട് നിൽക്കുന്നത്. പ്രകൃതിയിൽ നിന്നും മാലിന്യങ്ങളിൽ നിന്നും റീസൈക്കിൾ ചെയ്ത വസ്തുക്കളാണ് കാറിന്റെ നിർമാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഒപ്റ്റിമൽ എയറോഡൈനാമിക്‌സും കുറഞ്ഞ ഭാരവും ഉപയോഗിപ്പെടുത്തി കാർബൺ എമിഷൻ ഏറ്റവും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വാഹനം ഒരുക്കിയത്. ആക്‌സീവയുടെ പിന്തുണ സോഫ്റ്റ്‌വെയർ ഡിസൈനിങ്ങിൽ കരുത്തേകിയെന്ന് ടീം ലീഡർ കല്ല്യാണ് എസ്.കുമാർ പറഞ്ഞു.
അന്താരാഷ്ട്ര മത്സരത്തിൽ കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾ യോഗത്യ നേടിയത് ഏറെ സന്തോഷകരമാണ്. നൂതനമായ ആശയങ്ങൾ രൂപപ്പെടുത്താൻ വിദ്യാർഥികൾ കാണിക്കുന്ന ആവേശം അഭിനന്ദനാർഹമാണ്. ബി.എം.ഡബ്ല്യു ഉൾപ്പെടെയുള്ള കമ്പനികൾക്ക് ഞങ്ങൾ സോഫ്റ്റ്‌വെയർ പിന്തുണ നൽകുന്നുണ്ട്. ഇതിനൊപ്പം ഈ വിദ്യാർഥികൾക്കും മാർഗനിർദേശങ്ങൾ നൽകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും ആക്‌സിയ ടെക്‌നോളജീസ് സ്ഥാപകനായ ജിജിമോൻ ചന്ദ്രൻ അഭിപ്രായപ്പെട്ടു.
റോയൽ ഡച്ച് ഷെൽ പി.എൽ.സി. ലോകത്തെ വിവിധ രാജ്യങ്ങളിലുള്ള വിദ്യാർഥികൾക്കായി ഒരുക്കുന്ന അന്താരാഷ്ട്ര മത്സരമാണ് ഷെൽ ഇക്കോ മാരത്തൺ. മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് അവരുടെ ഡിസൈനുകളും ന്ിർമിച്ച വാഹനങ്ങളും അവയുടെ കാര്യക്ഷമതയുമെല്ലാം ഈ വേദിയിൽ പ്രദർശിപ്പിക്കാൻ സാധിക്കും. ഇലക്ട്രിക്, ഗ്യാസോലിൻ വിഭാഗങ്ങളിലുള്ള സൂപ്പർ മൈലേജ് കാറുകൾ പ്രദർശിപ്പിക്കുകയെന്നതാണ് ഈ പ്രശസ്തമായ ഈ ഊർജ കാര്യക്ഷമത മത്സരത്തിന്റെ സുപ്രധാന ലക്ഷ്യം