ജില്ലയില്‍ തെരുവു നായ ഭീഷണിയെ നേരിടാന്‍ വാക്സിനേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൃത്യമായ സമയത്തിനുള്ളില്‍ ചെയ്ത് തീര്‍ക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. തെരുവ് നായ ശല്യം പരിഹരിക്കുന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ ആസൂത്രണസമിതിയുടെ ആഭിമുഖ്യത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ വാക്സിനേഷന്‍ യജ്ഞം ആരംഭിച്ചതായി യോഗം വിലയിരുത്തി. ലൈസന്‍സില്ലാതെ നായ്ക്കളെ വീടുകളില്‍ വളര്‍ത്തുന്നത് നിയമ വിരുദ്ധ പ്രവര്‍ത്തനമായി കണ്ട് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നടപടിയെടുക്കും. എബിസി കേന്ദ്രം, അഭയകേന്ദ്രം നിര്‍മാണം, നായ പിടുത്തത്തിന് പരിശീലനം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ പ്രത്യേക പദ്ധതി ഉടന്‍ തയാറാക്കണം. എല്ലാ ബ്ലോക്കുകളിലും എബിസി കേന്ദ്രങ്ങള്‍ നിര്‍മിക്കണമെന്നും യോഗം നിര്‍ദേശിച്ചു.
ഒഴിഞ്ഞു കിടക്കുന്ന പൊതുസ്ഥലങ്ങള്‍ കണ്ടെത്തി പഞ്ചായത്തുകളില്‍ അഭയ കേന്ദ്രങ്ങള്‍ നിര്‍മിക്കണം. ശക്തമായ ബോധവത്ക്കരണ ക്യാംപയിനുകള്‍ നടപ്പാക്കണം. ഈ മാസം 24 ന് മുമ്പ് ജനകീയ സമിതികള്‍ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും രൂപീകരിക്കാന്‍ തീരുമാനമായി. ഈ മാസം 30 ന് മുമ്പ് വീടുകളിലെ വളര്‍ത്തു നായ്ക്കള്‍ക്ക് വാക്സിനേഷന്‍ പൂര്‍ത്തീകരിക്കാനും തീരുമാനമായി. നായ്ക്കളെ പിടികൂടുന്നതിന് സര്‍ക്കാര്‍ നിശ്ചയിച്ച ഫീസിന്റെ അടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ തയാറുള്ളവര്‍ കുടുംബശ്രീയും മൃഗസംരക്ഷണ വകുപ്പും മുഖേന ഈമാസം 24ന് മുന്‍പ് അപേക്ഷ നല്‍കണമെന്നും യോഗം നിര്‍ദേശിച്ചു.
തെരുവുനായ കൂടുന്നതിന് കാരണം മാലിന്യങ്ങള്‍ തെരുവുകളില്‍ നിക്ഷേപിക്കുന്നതായതിനാല്‍ ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളില്‍ നിക്ഷേപിക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കാനും തീരുമാനിച്ചു. 57 തെരുവുനായ്ക്കള്‍ ഉള്‍പ്പെടെ ജില്ലയില്‍ 16,267 മൃഗങ്ങള്‍ക്ക് വാക്സിന്‍ നല്‍കിയതായി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. വളര്‍ത്തുനായ്ക്കളെ ഉപേക്ഷിക്കുന്നതാണ് തെരുവ് നായ്ക്കള്‍ കൂടുന്നതിന് കാരണം. ഈ പ്രവണത മാറ്റുന്നതിനായാണ് വളര്‍ത്തു നായ്ക്കള്‍ക്ക് വാക്സിന്‍ എടുത്തശേഷം ലൈസന്‍സ് എടുക്കാനും നിര്‍ദേശം നല്‍കുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വളര്‍ത്തുനായ്ക്കള്‍ക്ക് വീടുകളിലും പെറ്റ് ഷോപ്പുകളിലും ലൈസന്‍സ് ഉണ്ടെന്ന് ഉറപ്പാക്കണം.
സര്‍ക്കാര്‍ ഉത്തരവ് പ്രകാരം തീവ്ര വാക്സിനേഷന്‍ പദ്ധതി, അഭയകേന്ദ്രം, ശുചിത്വ യജ്ഞം, ഐഇസി ക്യാംപുകള്‍ ജില്ലയില്‍ നടത്തും. നായ ആക്രമണം കുട്ടികളില്‍ കൂടുതലായതിനാല്‍ സ്വയം പ്രതിരോധം സൃഷ്ടിക്കാനുള്ള അവബോധം ഉണ്ടാക്കുന്നതിനായി വിദ്യാര്‍ഥികള്‍ക്ക് ബോധവത്ക്കരണ പരിപാടികള്‍ ആരംഭിച്ചിട്ടുണ്ട്. സാമൂഹിക ജീവിതത്തിന് ആഘാതമാകുന്ന രീതിയില്‍ പ്രശ്നങ്ങളില്ലാതെ പരിഹാരം കാണുന്നതിനു വേണ്ട നടപടികള്‍ ത്വരിതപ്പടുത്തുമെന്നും കളക്ടര്‍ പറഞ്ഞു.
ജില്ലയില്‍ ഹോട്ട്സ്പോട് നിര്‍ണയിക്കുന്നതിനായി ജില്ലാതല കമ്മിറ്റിയും യോഗത്തില്‍ രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും ജില്ലാ കളക്ടര്‍ കോ- ചെയര്‍മാനും തദ്ദേശ സ്വയംഭരണം, മൃഗസംരക്ഷണം, ആരോഗ്യ വകുപ്പ് മേധാവികള്‍ അടങ്ങുന്നതാണ് കമ്മിറ്റി.
പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ കെ.ആര്‍ സുമേഷ്, ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ദീപാ ചന്ദ്രന്‍, മൃഗസംരക്ഷണ ഓഫീസര്‍ ഡോ. കെ. ജ്യോതിഷ്ബാബു, അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി. സജി, തദ്ദേശസ്വയംഭരണവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ എന്‍. ഹരി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ്, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.