പാലക്കാട്:കൂറ്റനാട്ടെ സ്വകാര്യ ബസിന്റെ മരണയോട്ടത്തില്‍ ഡ്രൈവർക്ക് താത്ക്കാലിക വിലക്ക്. മോട്ടോർ വാഹന വകുപ്പിന്റെ പ്രത്യേക പരിശീലനം പൂർത്തിയാക്കും വരെ ദീർഘദൂര ബസുകൾ ഓടിക്കരുത്. അമിത വേഗത ആവർത്തിച്ചാൽ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് റദ്ദാക്കും. മരണയോട്ടം നടത്തിയ ബസ് തടഞ്ഞ് യുവതി പ്രതിഷേധിച്ചതിനെ തുടർന്നാണ് നടപടി.
2022 സെപ്തംബർ നാലിന് കൂറ്റനാട് സ്വകാര്യ ബസിന്റെ മരണയോട്ടത്തിനെതിരെ വാഹനം പിന്തുടർന്ന് തടഞ്ഞു നിർത്തി സാന്ദ്ര എന്ന യുവതി പ്രതിഷേധിച്ചിരുന്നു. ബസ് അമിത വേഗത്തിൽ മറികടക്കുന്നതിടെ സ്കൂട്ടർ യാത്രക്കാരിയായ സാന്ദ്ര രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. തുടർന്ന് ഇതെക്കുറിച്ച് അന്വേഷിച്ചപട്ടാമ്പി ജോയിന്റ് ആര്‍ ടി ഒ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പാലക്കാട് ആര്‍ ടിഒ യുടെ നടപടി. രാജപ്രഭ ബസിന്റെ ഡ്രൈവറായ മങ്കര സ്വദേശി ശ്രീകാന്ത് മോട്ടോർ വാഹന വകുപ്പിന്റെ ഏകദിന പരിശീലന ക്ലാസിൽ പങ്കെടുക്കണം. ഡ്രൈവറുടെ മനോഭാവം മെച്ചപ്പെടുത്തൽ ഉൾപ്പെടെയുള്ള കാര്യങ്ങളിലാണ് പരിശീലനം നൽകുക. ഇതിന്റെ സർട്ടിഫിക്കറ്റ് ആര്‍ ടിഒക്ക് മുന്നിൽ ഹാജരാക്കണം. അതു വരെ ദീർഘദൂര ബസുകൾ ഓടിക്കാൻ അനുവാദമില്ല.
അമിത വേഗത്തിൽ സഞ്ചരിച്ച ബസിന്റെ കണ്ടക്ടർക്കും ഡ്രൈവർക്കും ആർടിഒ താക്കീത് നൽകി. അമിത വേഗത ആവർത്തിച്ചാൽ ഇരുവരുടെയും ലൈസൻസ് റദ്ദാക്കും. ഇതു കൂടാതെ പാലക്കാട് – മലപ്പുറം റൂട്ടിൽ ബസുകളുടെ അമിത വേഗത തടയാൻ മോട്ടോർ വാഹന വകുപ്പിന്റെ സ്പെഷ്യൽ ഡ്രൈവ് തുടരുകയാണ്.