* നിയമസഭാ സ്പീക്കർ ഉദ്ഘാടനം നിർവഹിക്കും
നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകൾ കേന്ദ്രീകരിച്ചുള്ള പരിപാടി സെപ്റ്റംബർ 17, 18 തീയതികളിലായി കോഴിക്കോട് നടക്കാവ് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ ഫോർ ഗേൾസിൽ നടക്കും.
പരിപാടിയുടെ ഉദ്ഘാടനം 17ന് രാവിലെ 11 ന് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ നിർവഹിക്കും. ചടങ്ങിൽ മന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ, മുൻ പാർലമെന്റ് അംഗങ്ങൾ, സാമാജികർ, മുൻ സാമാജികർ, തദ്ദേശസ്വയംഭരണ പ്രതിനിധികൾ, ലൈബ്രറി കൗൺസിൽ അംഗങ്ങൾ, സാഹിത്യകാരൻമാർ, സാംസ്‌കാരിക പ്രവർത്തകർ എന്നിവർ പങ്കെടുക്കും. ഉച്ചയ്ക്ക്ശേഷം 2.30 ന് ‘വായനയും സ്ത്രീ മുന്നേറ്റവും എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിൽ കാനത്തിൽ ജമീല എം. എൽ. എ. സ്വാഗതം പറയും. ഡോ. കെ. പി. സുധീര വിഷയം അവതരിപ്പിക്കും. ജാനമ്മ കുഞ്ഞുണ്ണി, കെ. പി. മോഹനൻ, ബി. എം. സുഹറ, രാഹുൽ മണപ്പാട്ട് എന്നിവർ പങ്കെടുക്കും. ഡോ. മിനി പ്രസാദ് സെമിനാറിന്റെ മോഡറേറ്ററായിരിക്കും. തുടർന്ന് അരങ്ങ്, കൊയിലാണ്ടി അവതരിപ്പിക്കുന്ന ‘നാട്ടുണർവ്: നാടൻപാട്ടും ദൃശ്യാവിഷ്‌ക്കാരവും’ അരങ്ങേറും. സെപ്റ്റംബർ 17, 18 തീയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ നിയമസഭാ സമാജികരുടെ രചനകളുടെ പ്രദർശനം, നിയമസഭാ ലൈബ്രറിയെക്കുറിച്ചുള്ള ലഘു വീഡിയോ പ്രദർശനം, നിയമസഭാ മ്യൂസിയത്തിന്റെ ചരിത്ര പ്രദർശനം എന്നിവയും ഉണ്ടായിരിക്കും.
ലൈബ്രറി ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി രാവിലെ നിയമസഭാ സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, ചീഫ് വിപ്പ്, ലൈബ്രറി അഡൈ്വസറി കമ്മിറ്റി ചെയർമാൻ തോമസ് കെ. തോമസ് എം.എൽ.എ, അംഗം എം.കെ. മുനീർ എം.എൽ.എ. എന്നിവർ എം. ടി. വാസുദേവൻ നായരുടെ ഗൃഹം സന്ദർശിച്ച് അദ്ദേഹത്തെ ആദരിക്കുകയും വൈക്കം മുഹമ്മദ് ബഷീർ സ്മാരകം സന്ദർശിച്ച് സ്മരണാഞ്ജലി അർപ്പിക്കുകയും ചെയ്യും.