നവതരംഗ സിനിമയുടെ പിതാവ് ഗൊദാര്‍ദ് അന്തരിച്ചു

പാരീസ്: ഫ്രഞ്ച് നവതരംഗ സിനിമയുടെ പിതാവ് ഴാങ് ലൂക്ക് ഗൊദാര്‍ദ് അന്തരിച്ചു. 91 വയസായിരുന്നു. 13/09/2022 ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ബ്രത്ലസ് കണ്ടംപ്റ്റ്, മൈ ലൈഫ് ടു ലിവ്, എ വുമണ്‍ ഈസ് എ വുമണ്‍, ടൂ ഓര്‍ ത്രീ തിങ്സ് ഐ നോ എബൗട്ട് ഹെര്‍, ആല്‍ഫാ വില്ലേ, ലാ ചിനോയിസ് തുടങ്ങിയവയാണ് ശ്രദ്ധേയ സിനിമകള്‍. തിരക്കഥാകൃത്ത്, നടന്‍, നിര്‍മാതാവ് എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു.

1930 ല്‍ സ്വിസ് ഫിസിഷ്യന്റെ മകനായി പാരീസില്‍ ജനനം. നിയോണിലെ സ്‌കൂള്‍ വിദ്യാഭ്യസത്തിനു ശേഷം സോര്‍ബോണ്‍ സര്‍വകലാശാലയില്‍ നിന്ന് നരവംശശാസ്ത്രത്തില്‍ ബിരുദം നേടി. ഫിലിം ക്ലബുകളുടെ സജീവപ്രവര്‍ത്തകനായിരുന്ന അദ്ദേഹം 1950 കളില്‍ കുറച്ചുകാലം ഒരു സിനിമാ മാസികയും നടത്തിയിരുന്നു. സ്വിറ്റ്സര്‍ലന്‍ഡില്‍ അണക്കെട്ടു നിര്‍മാണ പദ്ധതിയില്‍ ജോലി ചെയ്യുന്ന കാലത്ത് നിര്‍മിച്ച ”ഓപ്പറേഷന്‍ ബീറ്റന്‍” എന്ന ഹ്രസ്വചിത്രമാണ് ആദ്യ സിനിമ. പിന്നീടും ഹ്രസ്വചിത്രങ്ങള്‍ നിര്‍മിക്കുകയും അഭിനയിക്കുകയും ചെയ്തിരുന്നു.

തിരക്കഥാ രചനയിലൂടെ സിനിമയിലേക്ക് കടന്നു വന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളെല്ലാം പരീക്ഷണസ്വഭാവമുള്ളവയായിരുന്നു. ”ബ്രെത്ത്ലെസ്” ആണ് ആദ്യ ചിത്രം. 1969-ല്‍ പുറത്തിറങ്ങിയ എ വുമണ്‍ ഈസ് എ വുമണ്‍ ആയിരുന്നു കളറില്‍ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ആദ്യചിത്രം. അറുപതുകളുടെ മധ്യത്തോടെ ഗൊദാര്‍ദ് ഇടതുപക്ഷരാഷ്ട്രീയ വീക്ഷണമുള്ള ചിത്രങ്ങളിലേക്കുമാറി. ടൂ ഓര്‍ ത്രീ തിങ്സ് ഐ നോ എബൗട്ട് ഹെര്‍ (1966) ഈ സമയത്താണ് നിര്‍മിച്ചത്.ദ സീഗ വെര്‍ട്ടോവ്” ഗ്രൂപ്പുമായി ചേര്‍ന്ന് രാഷ്ട്രീയത്തെയും പ്രത്യയശാസ്ത്രത്തെയും കുറിച്ചുള്ള ചിത്രങ്ങള്‍ അദ്ദേഹം നിര്‍മിച്ചു. ഗൊദാര്‍ദും ടോങ് പിയറി ഗോറിനുമായിരുന്നു ഈ സംഘത്തില്‍ പ്രമുഖര്‍. ആ കൂട്ടുകെട്ടിന്റെ സൃഷ്ടിയാണ് 1969-ല്‍ പുറത്തിറങ്ങിയ ”വിന്‍ഡ് ഫ്രം ദ ഈസ്റ്റ്”. എഴുപതുകളില്‍ വീഡിയോയും ടെലിവിഷന്‍ പരമ്പരകളും ഗൊദാര്‍ദ് മാധ്യമമാക്കി. എണ്‍പതുകളോടെ വീണ്ടും ചലച്ചിത്രത്തിലേക്കു തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →