കേരളത്തിൽ വിൽപന നടത്തുന്ന കഞ്ചാവിൽ പോലും മായം

കൊച്ചി: ലഹരി മാഫിയ കേരളത്തിൽ വിൽപന നടത്തുന്നതു യഥാർഥ ലഹരിമരുന്നുകളെക്കാൾ ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന വ്യാജ രാസപദാർഥങ്ങൾ. പിടികൂടിയ രാസലഹരി പദാർഥങ്ങളുടെ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ), നർകോട്ടിക് കൺട്രോൾ ബ്യൂറോ എന്നിവർ കേരളം അടക്കം രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ പിടികൂടിയ ലഹരി മരുന്നുകളുടെ രാസപരിശോധന നടത്തിയിരുന്നു.

കേരളത്തിൽ പിടികൂടിയ കഞ്ചാവിൽ പോലും വ്യാജന്മാരുണ്ടെന്നാണ് പരിശോധനാഫലം. ലഹരി മരുന്ന് ഉപയോഗിക്കുന്ന തുടക്കക്കാരെയാണ് മാഫിയ കൂടുതലായി വഞ്ചിക്കുന്നത്. ഗ്രാമിനു 10 രൂപ പോലും വില വരാത്ത രാസപദാർഥങ്ങളാണ് ഗുളിക രൂപത്തിലും പൊടിയായും 4000 രൂപയ്ക്കു വരെ വിൽപന നടത്തുന്നത്. ലഹരിയുണ്ടാക്കുന്ന രാസപദാർഥങ്ങളായതിനാൽ ഉപയോഗിക്കുന്നവരിൽ പലരും തട്ടിപ്പ് തിരിച്ചറിയാറില്ല. ബെംഗളൂരു, പഞ്ചാബ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചു വ്യാജ രാസലഹരി പദാർഥങ്ങൾ വൻതോതിൽ ഉൽപാദിപ്പിക്കുന്ന കേന്ദ്രങ്ങളുണ്ടെന്നാണ് വിവരം.

സോഡാക്കാരം ഗുളിക രൂപത്തിലാക്കി ഇതിലേക്കു രാസവസ്തുക്കൾ കത്തിച്ച് അതിന്റെ പുക കടത്തിവിട്ടു ലഹരി ഗുളികകൾ ഉൽപാദിപ്പിച്ചു വിൽക്കുന്ന രീതി കേരളത്തിലും വ്യാപകമാവുന്നതായി റിപ്പോർട്ടുണ്ട്. കേരളത്തിലെ യുവാക്കൾക്കിടയിൽ പല പേരുകളിലായി കൂടിയ വിലയ്ക്കു വിൽക്കുന്ന പല രാസപദാർഥങ്ങളും യഥാർഥ ലഹരിമരുന്നുകളല്ല എന്നത് കേസുകളുടെ വിചാരണ ഘട്ടത്തിൽ പ്രോസിക്യൂഷനും തിരിച്ചടിയാവുമെന്നാണു വിലയിരുത്തൽ. മഹസറിൽ രേഖപ്പെടുത്തുന്ന രാസപദാർഥമാവില്ല വിചാരണ ഘട്ടത്തിൽ കോടതിയിൽ ഹാജരാക്കുന്ന രാസപരിശോധനാ റിപ്പോർട്ടിലുള്ളത് എന്ന അവസ്ഥ പ്രതിഭാഗത്തിന് അനുകൂലമാകും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →