തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖ കവാടത്തില്‍ ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന അനിശ്ചിതകാല രാപകല്‍ സമരം കൂടുതല്‍ ശക്തമാക്കുന്നു. തുറമുഖ നിര്‍മ്മാണം സ്തംഭിപ്പിച്ച് 26 ദിവസമായി നടത്തിവരുന്ന സമരത്തോട് അധികൃതര്‍ കടുത്ത അവഗണന തുടരുകയാണ്. അതിനിടെയാണ് സമരം കൂടുതല്‍ ശക്തിപ്പെടുത്താന്‍ സമരസമിതി തീരുമാനിച്ചത്. ഇതിനു മുന്നോടിയായി നാളെ മുതല്‍ നിരാഹാരസമരം 24 മണിക്കൂറാക്കും. കൂടുതല്‍ മത്സ്യത്തൊഴിലാളികളെ സമരപ്പന്തലില്‍ അണിനിരത്തും.
കെ.ആര്‍.എല്‍.സി.സിയുടെ നേതൃത്വത്തില്‍ ഈ മാസം 14 മുതല്‍ തീരദേശത്തെ വിവിധ രൂപതകളുടെ പങ്കാളിത്തത്തോടെ ജനബോധന യാത്ര എന്ന പേരില്‍ മൂലം പള്ളിയില്‍നിന്ന് ആരംഭിക്കുന്ന ബഹുജന മാര്‍ച്ചോടെ സമരത്തിന്റെ ഗതിമാറ്റും. 18 നു വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ മേഖലയില്‍ അവസാനിക്കുന്ന ബഹുജന മാര്‍ച്ച് വലിയൊരു സംഭവമാക്കാനുള്ള തീരുമാനത്തിലാണ് സമരസമിതി. സമരത്തിന്റെ 26 ദിവസമായ ഇന്നലെ നടന്ന പ്രതിഷേധസംഗമം സോഷ്യല്‍ സര്‍വീസ് സൊെസെറ്റി ഡയറക്ടര്‍ ആഷ് ലിന്‍ ജോസ് ഉദ്ഘാടനം ചെയ്തു. ഫാ.ജോര്‍ജ് ഗോമസ്, ഫാ. ഡിജോ, ഫാ. ജെറാള്‍ഡ്, ജോഷി റോബര്‍ട്ട്, മോസസ്, ഫെലിക്സ്, ഫ്രെഡി എന്നിവര്‍ നിരാഹാരമനുഷ്ടിച്ചു. സമരത്തിനു പിന്തുണയര്‍പ്പിച്ചു വെട്ടുകാട്, ചെറുവെട്ടുകാട്, സെന്റ് സേവ്യേഴ്സ് എന്നീ ഇടവകകളില്‍നിന്നുള്ള നൂറു കണക്കിന് ആളുകള്‍ സമരപ്പന്തലിലെത്തി. ദേശീയ സമാജ്വാദി ജനപരിഷത്ത് ഉപാധ്യക്ഷന്‍ അഡ്വ.ജോഷി ജേക്കബ്, കെ.എല്‍.സി. ഡബ്ല്യു.എ. സംസ്ഥാന പ്രസിഡന്റ് ജയിന്‍ ആന്‍സിന്റെ നേതൃത്വത്തില്‍ സംസ്ഥാന പ്രതിനിധികള്‍, ചങ്ങനാശേരി പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം ഡൊമിനിക്, ഇന്ത്യന്‍ പൊന്തകോസ്ത് സൊെസെറ്റിയംഗം എല്‍.കെ. റോയി തുടങ്ങിയവര്‍ ഐക്യദാര്‍ഢ്യം പ്രഖ്യപിച്ചു.

