രേഖാ രാജിന് പകരം നിഷ വേലപ്പൻ നായരെ നിയമിക്കാനുളള ഹൈക്കോടതി ഉത്തരവിനെതിരെ എംജി സർവകലാശാലയും രേഖാരാജും സുപ്രീം കോടതിയിൽ

കോട്ടയം: ദളിത് ചിന്തക രേഖാരാജിന്റെ നിയമനം റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ എംജി സർവകലാശാലയും രേഖാരാജും സുപ്രീം കോടതിയിൽ അപ്പീൽ നൽകി. സ്കൂൾ ഓഫ് ഗാന്ധിയൻ തോട്സ് ആന്റ് ഡവലപ്മെന്റ് സ്റ്റഡീസിലെ അസിസ്റ്റന്റ് പ്രൊഫസറായുള്ള രേഖാ രാജിന്റെ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി റദ്ദാക്കണമെന്നാണ് ഹർജികളിലെ ആവശ്യം. റാങ്ക് പട്ടികയിൽ രണ്ടാമതെത്തിയ നിഷ വേലപ്പൻ നായർക്ക് നിയമനം നൽകണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ഇതുവരെ സർവകലാശാല നടപ്പാക്കിയില്ലെന്ന് ആരോപിച്ച് നിഷ ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി നൽകിയിട്ടുണ്ട്. ഓണ അവധിക്ക് ശേഷം ഈ ഹർജി ഹൈക്കോടതി പരിഗണിക്കാൻ സാധ്യത നിലനിൽക്കേയാണ് സർവകലാശാല അപ്പീലുമായി സുപ്രീം കോടതിയിൽ എത്തിയത്.

മഹാത്മാഗാന്ധി സർവ്വകലാശാലയി ഗാന്ധിയൻ സ്റ്റഡീസിൽ അസിസ്റ്റന്റ് പ്രൊഫസറായുള്ള രേഖ രാജിന്റെ നിയമനത്തിനെതിരെ റാങ്ക് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള നിഷ വേലപ്പൻ നായരാണ് ഹൈക്കോടതിയെ സമീപിച്ചത്. പി എച്ച് ഡിയുടെ മാർക്ക് തനിക്ക് നൽകിയില്ലെന്നും, റിസർച്ച് പേപ്പറുകൾക്ക് അർഹതയുള്ളതിലധികം മാർക്ക് രേഖ രാജിന് നൽകി എന്നുമായിരുന്നു ഹർജിക്കാരിയുടെ വാദം. തുടർന്ന് ഹൈക്കോടതി നിയമനം റദ്ദാക്കി.

പി എച്ച് ഡിയ്ക്ക് ലഭിക്കേണ്ട ആറുമാർക്ക് സെലക്ഷൻ കമ്മിറ്റി നിഷ വേലപ്പൻ നായർക്ക് കണക്കാക്കിയിരുന്നില്ല. റിസർച്ച് പേപ്പറുകൾക്ക് എട്ടുമാർക്കാണ് രേഖാ രാജിന് നൽകിയത്. എന്നാൽ ഇതിന്റെ വിശദാംശങ്ങൾ പരിശോധിച്ച കോടതി മൂന്നു മാർക്കിന് മാത്രമേ രേഖ രാജിേന് യോഗ്യത ഉളളുവെന്ന് കണ്ടെത്തി. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാർ, സി എസ് സുധ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നടപടി. രേഖാ രാജിന് പകരം നിഷ വേലപ്പൻ നായരെ നിയമിക്കാനും കോടതി ഉത്തരവിട്ടു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →