പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി വള്ളംകളി നടക്കുന്ന സ്ഥലങ്ങൾ ഉൾപ്പെടുന്ന കിടങ്ങന്നൂർ, ആറന്മുള, കോഴഞ്ചേരി, മല്ലപ്പുഴശേരി, തോട്ടപ്പുഴശേരി വില്ലേജുകളിൽ അബ്കാരി നിയമ പ്രകാരം സെപ്റ്റംബർ 11ന് രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെ മദ്യനിരോധനം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ അറിയിച്ചു. ഈ പ്രദേശങ്ങളിലെ കടകൾ, കള്ളുഷാപ്പുകൾ, ബാറുകൾ, ബിവറേജസ് ഷോപ്പുകൾ എന്നിവയും മറ്റു ലഹരി വസ്തുക്കളും വിതരണം ചെയ്യുന്നതും വിൽക്കുന്നതുമായ കൗണ്ടറുകൾ തുറക്കുന്നതിനും അനുവദിക്കില്ല. വ്യക്തികൾ മദ്യം സൂക്ഷിക്കുന്നതും നിരോധിച്ചു. ഉത്തരവ് നടപ്പാക്കുന്നതിന് ജില്ലാ പൊലീസ് മേധാവി, ഡെപ്യുട്ടി എക്‌സൈസ് കമ്മീഷണർ എന്നിവരെ ചുമതലപ്പെടുത്തി.
അതേസമയം, ഇക്കുറിയും സംസ്ഥാനത്ത് തിരുവോണ ദിവസം ബെവ്കോ ഔട്ട്ലെറ്റുകൾക്ക് അവധി പ്രഖ്യാപിച്ചു. തിരുവോണത്തിന് അവധി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് ഓണക്കാലത്ത് രണ്ട് ദിവസം ബെവ്കോ മദ്യവിൽപ്പനശാലകൾ അടഞ്ഞുകിടക്കും. നാലാം ഓണമായ ചതയം ദിനം സംസ്ഥാനത്ത് നേരത്തെ തന്നെ ഡ്രൈ ഡേ പട്ടികയിലുണ്ട്. അന്ന് ബാറുകളിലും മദ്യം ലഭിക്കില്ല. എന്നാൽ തിരുവോണ ദിവസം ബാറുകൾ തുറന്നുപ്രവർത്തിക്കും. നേരത്തെ ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യത്തിൻറെ 75 വർഷം പ്രമാണിച്ച് ബെവ്കോ ഔട്ട്ലെറ്റുകൾക്ക് അവധി നൽകിയിരുന്നു. അന്നും ബാറുകൾ പ്രവർത്തിച്ചിരുന്നു