ഭുവനേശ്വര്‍: നാല്പ്പത്തിയൊമ്പതുകാരനായ ജഡ്ജിയെ ഒഡീഷയിലെ കട്ടക്ക് നഗരത്തിലെ ഔദ്യോഗിക വസതിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഒരു ദിവസം കൂടി അവധി നീട്ടുന്നതായി പഴ്സണല്‍ സ്റ്റാഫിനോടു പറഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് മരണമെന്ന് പോലീസ്.2021 ഏപ്രിലില്‍ കുട്ടികളെ െലെംഗികമായി ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട പോക്സോ കേസുകളില്‍ പ്രത്യേക ജഡ്ജിയായി നിയോഗിക്കപ്പെട്ട സുഭാഷ് കുമാര്‍ ബെഹ്റിയാണ് മരിച്ചത്. രണ്ട് ദിവസമായി അവധിയിലായിരുന്നു. 02/09/2022 ജോലിയില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും രാവിലെ 10-ന് സ്റ്റെനോഗ്രാഫറെ വിളിച്ച് ഒരു ദിവസത്തേക്കു കൂടി അവധിയിലാണെന്ന് അറിയിക്കുകയായിരുന്നു. പ്രഥമദൃഷ്ട്യാ ആത്മഹത്യയാണെന്ന് കരുതുന്നതായി പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ തപസ് ചന്ദ്ര പ്രധാന് പറഞ്ഞു. ഉച്ചയ്ക്ക് 12 ഓടെ ജഡ്ജി ഓഡര്ലിയെ പറഞ്ഞയച്ചു. 12 നും ഒന്നിനും ഇടയിലാണ് മരണമെന്നാണ് സൂചന. കഴുത്തില്‍ കെട്ടുവീണ പാടുകള്‍ ഉണ്ടായിരുന്നു. ശരീരത്തില്‍ പോറലുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മരണകാരണം സ്ഥിരീകരിക്കാന്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പ്രധാന് പറഞ്ഞു.
ജഡ്ജിയുടെ ഭാര്യയും രണ്ട് പെണ്മക്കളും വീട്ടിലില്ലായിരുന്നു. സംഭവം നടക്കുമ്പോള്‍ അവര്‍ മാര്‍ക്കറ്റിലേക്ക് പോയിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ ഇവര്‍ തിരിച്ചെത്തിയപ്പോള്‍ വാതില്‍ പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്നാണ് ജഡ്ജിയെ സീലിങ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
ജഡ്ജിയെ ഔദ്യോഗിക വസതിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.
