അഭിമാന നിമിഷം; ഐഎൻഎസ് വിക്രാന്ത് രാജ്യത്തിന് സമർപ്പിച്ചു, പുതിയ നൂറ്റാണ്ടിലെ ഇന്ത്യയുടെ മുദ്രയെന്ന് പ്രധാനമന്ത്രി

കൊച്ചി: രാജ്യത്തിന്റെ അഭിമാനം വാനോളമുയർത്തി കൊച്ചി കപ്പൽശാല നിർമ്മിച്ച ഇന്ത്യയുടെ ആദ്യ തദ്ദേശീയ വിമാനവാഹിനി കപ്പൽ ” വിക്രാന്ത് ” പ്രധാനമന്ത്രി നരേന്ദ്രമോദി നാടിനു സമർപ്പിച്ചു. 02/09/22 വെള്ളിയാഴ്ച രാവിലെ 9:30 യോടെ കൊച്ചിയിലെ കപ്പൽ ശാലയിൽ ചടങ്ങുകൾ ആരംഭിച്ചു. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, നാവികസേന മേധാവി അഡ്മിറൽ ആർ ഹരികുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഗാർഡ് ഓഫ് ഓർണർ സ്വീകരിച്ചതിനുശേഷം കമ്മീഷനിംഗിന് മുൻപായി നാവികസേനയുടെ പുതിയ പതാക പ്രധാനമന്ത്രി പ്രകാശനം ചെയ്തു. കൊളോണിയൽ മുദ്രകൾ പൂർണമായി നീക്കിയ പതാകയാണ് പ്രകാശനം ചെയ്തത്. വിക്രാന്ത് സമർപ്പണത്തിലൂടെ രാജ്യം പുതിയൊരു സാക്ഷിയാവുകയാണ് എന്ന് ചടങ്ങ് അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ശക്തമായ ഭാരതത്തിന്റെ ശക്തമായ ചിത്രമാണിത്. രാജ്യത്തിന്റെ പ്രതിബദ്ധതയുടെ പ്രതീകം.

അഭിമാന മുഹൂർത്തമാണിത്. ഒരു ലക്ഷ്യവും അസാധ്യമല്ലെന്ന് വിക്രാന്ത് തെളിയിച്ചു. സമുദ്ര മേഖലയിലെ വെല്ലുവിളികൾക്ക് രാജ്യത്തിന്റെ ഉത്തരമാണിത്. വിക്രാന്തിലൂടെ രാജ്യം ലോകത്തിന് മുന്നിലെത്തി. കേരളത്തിന്റെ പുണ്യഭൂമിയിൽ നിന്ന് രാജ്യത്തിനായുള്ള നേട്ടം. ലോകത്തിന് ശക്തമായ ഭാരതം ആവശ്യമാണ്. ശക്തമായ ഭാരതം സുരക്ഷിത ലോകത്തിന് മാർഗ ദർശിയാകും. നാവികസേനയ്ക്ക് കരുത്തും ആത്മധൈര്യവും കൂടി. അതിശക്തമായ നാവികസേന സമുദ്ര വ്യാപാരം വർദ്ധിപ്പിക്കുന്നതിന് സഹായകമാകും.

വിക്രാന്ത് ആത്മനിർഭർ ഭാരതത്തിന്റെ പ്രതീകമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പുതിയ നൂറ്റാണ്ടിലെ ഇന്ത്യയുടെ മുദ്ര. എല്ലാം പൗരന്മാരും തദ്ദേശീയമായി ഉത്പന്നങ്ങൾക്കായി നിലകൊള്ളണമെന്ന് നിർദ്ദേശിച്ച അദ്ദേഹം വിക്രാന്തിന് പിന്നിൽ പ്രവർത്തിച്ച തൊഴിലാളികൾക്കും എൻജിനീയർമാർക്കും നന്ദി പറഞ്ഞു.

ഐഎൻഎസ് വിക്രാന്ത് സ്വയം പര്യാപ്തതയുടെ പ്രതീകമാണെന്ന് പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് പറഞ്ഞു. വിക്രാന്ത് രാജ്യത്തിന് മുതൽക്കൂട്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിക്രാന്ത് അഭിമാന നേട്ടമാണെന്ന് നാവികസേനമേധാവി അഡ്മിറൽ ആർ ഹരികുമാർ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →