കർഷകർക്ക് ആശ്വാസവുമായി ഹോർട്ടികോർപ്പ്, വിൽക്കുന്ന പച്ചക്കറിയുടെ ബിൽ എത്തിച്ചാൽ ബാങ്ക് വഴി പണം നൽകും

തൊടുപുഴ : സംസ്ഥാനത്ത് ഹോർട്ടി കോര്‍പ്പിന് പച്ചക്കറി വില്‍ക്കുന്ന കർഷകർക്ക് പണം വൈകുന്നു എന്ന പരാതിക്ക് പരിഹാരവുമായി കൃഷിവകുപ്പ്. പച്ചക്കറി വില്‍ക്കുമ്പോള്‍ തന്നെ ബാങ്കുവഴി പണം നല്‍കാനുള്ള സംവിധാനം ഉടന്‍ ആരംഭിക്കുമെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. നെല്‍ കർഷകർക്ക് പണം സ്റ്റേറ്റ് ബാങ്കുമായി സഹകരിച്ച് നടത്തുന്ന ഈ പദ്ധതി ഓണക്കാലത്തിന് മുന്പ് നടപ്പിലാക്കാനാണ് സർക്കാർ നീക്കം.

ഓണത്തിന് പച്ചക്കറി വില്‍ക്കുന്ന കർഷകര്‍ക്ക് 6 മുതല്‍ 8 മാസം വരെ താമസിച്ചാണ് ഹോര്‍ട്ടി കോർപ്പ് സാധാരണയായി വില നല്‍കാറ്. ഇത് കാലങ്ങളായി വലിയ പരാതിക്ക് ഇട നല്‍കുന്നുമുണ്ട്. ഇതില്‍ പ്രതിഷേധിച്ച് ഇത്തവണ പച്ചക്കറി നല്‍കില്ലെന്ന് വരെ ഇടുക്കിയിലെ കര്‍ഷകർ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ പരാതികൾക്ക് ഒക്കെ പരിഹാരമാകുകയാണ്. പച്ചക്കറി വിൽക്കുന്ന കർഷകര്‍ക്ക് ലഭിക്കുന്ന ബില്ലുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ചില്‍ പോയാല്‍ ഉടന്‍ പണം കിട്ടുന്ന പുതിയ സംവിധാനത്തിനാണ് സര്‍ക്കാർ ഒരുങ്ങുന്നത്.

ബില്ലിന്റെ അടിസ്ഥാനത്തില്‍ കര്‍ഷകർക്ക് ബാങ്ക് നല്‍കുന്ന പണം പിന്നീട് പലിശ സഹിതം ഹോര്‍ട്ടി കോർപ്പ് നൽകും . ഈ ഓണക്കാലത്ത് പുതിയ സംവിധാനം ഏർപെടുത്താനാണ് കൃഷിവകുപ്പിന്റെ ശ്രമം. സാങ്കേതിക പ്രശ്നം മൂലം പദ്ധതി അല്‍പം വൈകിയാലും ഇത്തവണ കര്‍ഷകര്‍ക്ക് പണം ആവശ്യപ്പെട്ട് ഓഫിസുകള്‍ കയറി ഇറങ്ങേണ്ട ഗതികേട് ഉണ്ടാകില്ലെന്നാണ് ഹോര്‍ട്ടികോര്‍പ്പ് നല്‍കുന്ന ഉറപ്പ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →