കേരളത്തിന്റെ സാംസ്കാരിക തനിമയുടെ പ്രതിരൂപമാണ് അത്തച്ചമയമെന്ന് തോമസ് ചാഴിക്കാടൻ എം.പി. തൃപ്പൂണിത്തുറയിൽ അത്തച്ചമയ ഘോഷയാത്രയുടെ ഉദ്ഘാടന കർമ്മം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വടക്കൻ കേരളത്തിന്റെ തനത് കലാരൂപമായ തെയ്യം മുതൽ വിവിധ കലകളാണ് ആഘോഷങ്ങളുടെ ഭാഗമായി അവതരിപ്പിക്കുന്നത്. മലയാളികളുള്ള രാജ്യങ്ങളിലെല്ലാം ഓണവുമുണ്ടെന്നും രണ്ട് പേരാണെങ്കിൽ പോലും ആഘോഷങ്ങൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ ഓണാഘോഷത്തിന് യഥാർത്ഥത്തിൽ തുടക്കം കുറിക്കുന്നത് രാജനഗരിയായ തൃപ്പൂണിത്തുറയിലെ അത്തച്ചമയത്തോടെയാണ്. 1961ൽ ഔദ്യോഗികമായി ഓണം മലയാളികളുടെ ദേശീയ ആഘോഷമായി പ്രഖ്യാപിച്ചതിന് ശേഷം അത്തച്ചമയവും ഘോഷയാത്രയും മുടങ്ങാതെ സംഘടിപ്പിക്കാൻ കഴിഞ്ഞു. കോവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷം ആഘോഷങ്ങളില്ലാതെ പ്രതീകാത്മകമായാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. അതിന് പകരമായി ഇക്കുറി വിപുലമായ ആഘോഷിക്കാനാണ് സംഘാടകരുടെ തീരുമാനം.
തൃപ്പൂണിത്തുറ ഗവ. ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ അത്തം നഗറിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ അനൂപ് ജേക്കബ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ഇടുക്കി ജില്ലയിലെ തൊടുപുഴക്കു സമീപം കുടയത്തൂരിൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ ആത്മശാന്തിക്കായി മൗന പ്രാർത്ഥനയോടെയായിരുന്നു ചടങ്ങ് ആരംഭിച്ചത്. അത്തപ്പതാകയുടെ കൊടിയേറ്റം എം.എൽ.എ നിർവഹിച്ചു. തൃപ്പൂണിത്തുറ നഗരസഭ അധ്യക്ഷ രമ സന്തോഷ്, വൈസ് ചെയർമാൻ കെ.കെ പ്രദീപ്കുമാർ, സംഘാടക സമിതി ജനറൽ കൺവീനർ പി.കെ പീതാംബരൻ തുടങ്ങിയവർ സംസാരിച്ചു.
ഘോഷയാത്രക്ക് മുന്നോടിയായി പ്രശസ്ത സംഗീതജ്ഞൻ സ്റ്റീഫൻ ദേവസിയുടെ നേതൃത്വത്തിൽ സംഗീതവിരുന്ന് അവതരിപ്പിച്ചു. തെയ്യം, തിറ, കഥകളി തുടങ്ങി 45 ഇനം കാലാരൂപങ്ങളും ഇരുപതോളം നിശ്ചല ദൃശ്യങ്ങളുമാണ് ഘോഷയാത്രയുടെ ഭാഗമായത്. ഇതിനു പുറമേ സ്കൂൾ, കോളേജ് വിദ്യാർത്ഥികളും കുടുംബശ്രീ പ്രവർത്തകരും ആശാ പ്രവർത്തകരും ഉൾപ്പെടെ ആയിരങ്ങൾ ഘോഷയാത്രയിൽ പങ്കെടുത്തു.

