ആലപ്പുഴ: നെഹ്റുട്രോഫി ജലമേള ഹരിത ചട്ടം പാലിച്ചു നടപ്പാക്കുന്നതുസംബന്ധിച്ച് ശുചിത്വമിഷനും ആലപ്പുഴ നഗരസഭയും ചേര്‍ന്ന് നടപ്പാക്കുന്ന ലവ് ദ ലേക് കാമ്പയിന്റെ പോസ്റ്റര്‍ ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ പ്രകാശനം ചെയ്തു.
ചടങ്ങില്‍ ആലപ്പുഴ നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ എ. ഷാനവാസ്, കെ. ബാബു, കൗണ്‍സിലര്‍ എം. ആര്‍. പ്രേം, ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി. വി. ജയകുമാരി, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ മുഹമ്മദ് കുഞ്ഞ് ആശാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആര്‍. ജയകൃഷ്ണന്‍ ആണ് പോസ്റ്റര്‍ ഡിസൈന്‍ ചെയ്തത്.
വള്ളംകളി നടക്കുന്ന പ്രദേശം പൂര്‍ണ്ണമായും ഗ്രീന്‍ സോണ്‍ ആയിരിക്കും. ബോട്ടില്‍ കളക്ഷന്‍ ബൂത്തില്‍ നിന്നും 10 രൂപ നല്‍കി കൈപ്പറ്റുന്ന സ്റ്റിക്കര്‍ പതിപ്പിച്ച വെള്ളക്കുപ്പികള്‍ മാത്രമേ വളളംകളി സ്ഥലത്തേക്ക് കൊണ്ടുപോകുവാന്‍ അനുവദിക്കൂ. സ്റ്റിക്കറോടുകൂടിയ കാലിക്കുപ്പികള്‍ കളക്ഷന്‍ ബൂത്തില്‍ തിരികെ ഏല്‍പ്പിച്ചാല്‍ അടച്ച തുക തിരികെ നല്‍കും.
ഡിസ്പോസിബിള്‍ പാത്രങ്ങള്‍, കപ്പുകള്‍ എന്നിവ ഉപയോഗിച്ചുളള കച്ചവടങ്ങള്‍ അനുവദിക്കില്ല. ജൈവ-അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് നിക്ഷേപിക്കുന്നതിന് പരിസ്ഥിതി സൗഹാര്‍ദ്ദപരമായ ബിന്നുകള്‍ സജ്ജീകരിക്കും. ഹരിത ചട്ട പാലനത്തിനായി എന്‍.എസ്.എസ് വോളണ്ടിയര്‍മാര്‍, സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍, ഹരിതകര്‍മ്മസേന എന്നിവര്‍ ഉള്‍പ്പെടെ 200 വാളണ്ടിയര്‍മാരുടെ സേവനമുണ്ടാകും.
ജില്ലാ ശുചിത്വമിഷനും ആലപ്പുഴ നഗരസഭയും ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.