തിരുവനന്തപുരം:പുനഃസംഘടന ആസന്നമായിരിക്കെ സംസ്ഥാന മന്ത്രിസഭയിലേക്ക് പുതുതായി കടന്നുവരുന്ന അംഗങ്ങളെക്കുറിച്ച് അഭ്യൂഹങ്ങള്‍ ശക്തം. സ്പീക്കര്‍ എം.ബി. രാജേഷ് അടക്കം നാലു പുതുമുഖങ്ങളുടെ പേരുകളാണു സജീവം. ഒന്നാം പിണറായി സര്‍ക്കാരിന്റെ ജനകീയ മുഖമായിരുന്ന കെ.കെ ശൈലജ മന്ത്രിസഭയിലെത്തുമോയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്.
തുടര്‍ ഭരണം ലഭിച്ചപ്പോള്‍ ഒന്നാം ഒന്നാം പിണറായി സര്‍ക്കാരിലെ ആരും തുടരേണ്ടതില്ലെന്ന തീരുമാനം സി.പി.എം. എടുത്തതാണ്. മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ് അന്ന് ഇളവ് നല്‍കിയത്. ഈ തീരുമാനം തിരുത്തുമോ എന്നും അറിയേണ്ടിയിരിക്കുന്നു. ശൈലജയ്ക്ക് ഇളവ് ലഭിച്ചാല്‍ എ.സി. മൊയ്തീനെയും പരിഗണിച്ചേക്കാം.എ.എന്‍. ഷംസീര്‍, പി. നന്ദകുമാര്‍, പി.പി. ചിത്തരഞ്ജന്‍, സി.എച്ച്. കുഞ്ഞമ്പു എന്നിവരാണ് പരിഗണനയിലുള്ള മറ്റുപ്രമുഖര്‍. എം.വി. ഗോവിന്ദന്‍ കൈകാര്യം ചെയ്യുന്ന തദ്ദേശ സ്വയംഭരണ വകുപ്പ് അനുഭവ സമ്പത്തുള്ള ഒരു എം.എല്‍.എയ്ക്കാകും ലഭിക്കുക. ആരോഗ്യവകുപ്പിന്റെ അമരത്ത് വീണാ ജോര്‍ജിനു പകരം പുതിയ ആള്‍ വന്നാലും അത്ഭുതപ്പെടാനില്ല. ധനകാര്യ വകുപ്പ് വി.എന്‍ വാസവന് െകെമാറുമോ, കെ.എന്‍. ബാലഗോപാലിന് തദേശ സ്വയംഭരണ വകുപ്പ് നല്‍കിയേക്കും തുടങ്ങിയ അഭ്യൂഹങ്ങളും വ്യാപകമാണ്.
ഈ മാസം ആദ്യം ചേര്‍ന്ന സി.പി.എം. സംസ്ഥാന സമിതിയില്‍ മന്ത്രിമാരുടെ പ്രവര്‍ത്തനത്തെക്കുറിച്ച് രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങളില്‍ പോരായ്മയുണ്ടെങ്കില്‍ അത് പാര്‍ട്ടി പരിഹരിക്കണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തുറന്നടിച്ചിരുന്നു.ഒന്നാം പിണറായി സര്‍ക്കാരിനെ മുന്‍നിര്‍ത്തിയാണ്, തുടര്‍ഭരണത്തെയും ജനങ്ങള്‍ അളക്കുന്നത്. അതനുസരിച്ച് ഈ സര്‍ക്കാര്‍ ഏറെ പിന്നിലാണെന്നാണ് സംസ്ഥാന സമിതിയില്‍ വിമര്‍ശനമുണ്ടായത്. എം.വി. ഗോവിന്ദന്‍ രാജിവയ്ക്കുന്നതോടെ രണ്ട് ഒഴിവുകളാകും മന്ത്രിസഭയിലുണ്ടാകുക. വിവാദപരാമര്‍ശത്തില്‍ രാജിവച്ച സജി ചെറിയാന്റെ ഒഴിവ് മന്ത്രിസഭയിലുണ്ട്. സജി ചെറിയാന്റെ വകുപ്പുകള്‍ മറ്റു മന്ത്രിമാര്‍ക്ക് വിഭജിച്ചു നല്‍കുകയാണ് ചെയ്തത്. പുനഃസംഘടനയില്‍ ഈ വിടവ് നികത്താമെന്നായിരുന്നു നേരത്തേ പാര്‍ട്ടിയെടുത്ത തീരുമാനം.
ദേവസ്വം, എക്സൈസ്, ആരോഗ്യം, സജി ചെറിയാന്‍ വഹിച്ചിരുന്ന സാംസ്‌കാരികം, ഫിഷറീസ് എന്നീ വകുപ്പുകളില്‍ മാറ്റമുണ്ടാകാനുള്ള സാധ്യതയാണ് തെളിയുന്നത്. മന്ത്രിസഭയില്‍ എം.വി. ഗോവിന്ദന്റെ വിടവ് മാത്രം നികത്തിയാല്‍ മതിയോ അതോ സര്‍ക്കാരിന്റെ പ്രതിച്ഛായ നന്നാക്കുകയെന്ന ലക്ഷ്യമിട്ടുള്ള പുനഃസംഘടന വേണമോ എന്നതാകും ഇനി സി.പി.എമ്മിന്റെ മുന്നിലുള്ള ചര്‍ച്ചാ വിഷയം. ഇക്കാര്യം പാര്‍ട്ടി ആലോചിച്ച് തീരുമാനിക്കുമെന്നാണ് പുതിയ സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറയുന്നത്. കാത്തിരിന്നു കണ്ടോളൂവെന്നാണ് എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്റെ പ്രതികരണം.നിലവിലെ മന്ത്രിമാരെ ഒഴിവാക്കാതെ വകുപ്പുകള്‍ മാറ്റുന്നതാണ് മറ്റൊരു ചര്‍ച്ച. അങ്ങനെയെങ്കില്‍ മന്ത്രി വീണാ ജോര്‍ജിന്റെ പേര് സ്പീക്കര്‍ സ്ഥാനത്തേക്കു പരിഗണിക്കാനിടയുണ്ട്. അങ്ങനെ വന്നാല്‍ എം.ബി. രാജേഷ് മന്ത്രിയാകും. എം.വി. ഗോവിന്ദന്‍ കൈകാര്യം ചെയ്തുവന്ന തദ്ദേശ സ്വയംഭരണം വി. ശിവന്‍കുട്ടിക്കോ കെ. രാധാകൃഷ്ണനോ നല്‍കിയേക്കാം. എക്സൈസ് വകുപ്പില്‍ മറ്റൊരു മന്ത്രിവരും. എന്തായാലും ഇക്കാര്യത്തില്‍ അവസാന വാക്ക് മുഖ്യമന്ത്രി പിണറായി വിജയന്റേതു തന്നെയാകും.