കേരളത്തിന്റെ നികുതി കുടിശിക 900 കോടികവിഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സേവന നികുതി, സെന്‍ട്രല്‍ എകെസെസ് കുടിശിക 900 കോടി കവിഞ്ഞു. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച കുടിശിക തീര്‍പ്പാക്കല്‍ പാളിയെന്ന സൂചനയാണ് ഇതു നല്‍കുന്നത്. വര്‍ധിച്ചുവരുന്ന കുടിശികയുടെ കണക്കുകള്‍ പദ്ധതി കാര്യക്ഷമമാകുന്നില്ലെന്ന് വ്യക്തമാക്കുന്നു.

തിരുവനന്തപുരം, കൊച്ചി, പാലക്കാട് മേഖലകളിലെ കുടിശികയുടെ കണക്കാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. മറ്റു ജില്ലകളിലേതുകൂടി വരുമ്പോള്‍ കുടിശിക 1000 കോടി കടക്കുമെന്നാണ് ഇതുസംബന്ധിച്ച വിവരാവകാശ രേഖ നല്‍കുന്ന സൂചന. തിരുവനന്തപുരത്ത് 2018 മാര്‍ച്ച് മുതല്‍ ഇക്കൊല്ലം മെയ് വരെ സേവന നികുതിയിനത്തില്‍ 804 കോടി രൂപ കുടിശികയുണ്ടെന്ന് വിവരാവകാശ പ്രവര്‍ത്തകനായ കെ. ഗോവിന്ദന്‍ നമ്പൂതിരിക്കു ലഭിച്ച മറുപടിയില്‍ വ്യക്തമാക്കുന്നു.ഇതില്‍ 414.87 കോടി രൂപ സെന്‍ട്രല്‍ ജി.എസ്.ടി. ആന്‍ഡ് സെന്‍ട്രല്‍ എകെസെസ് തിരുവനന്തപുരം നോര്‍ത്ത് ഡിവിഷനിലാണ്. ഈ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തത് 315 കേസുകളാണ്.

തിരുവനന്തപുരം സൗത്ത് ഡിവിഷനില്‍ 389.63 കോടിയുടെ കുടിശികയുണ്ട്.കൊച്ചി കമ്മിഷണറേറ്റ് പരിധിയില്‍ 2014 ലെ 13.15 കോടിയുടെ കുടിശിക 2021-22 ആയപ്പോള്‍ 81.29 കോടിയായി വര്‍ധിച്ചു. പാലക്കാട് ഡിവിഷനില്‍ സേവന നികുതി കുടിശിക 46.84 കോടി രൂപയാണ്. ഈ ഡിവിഷനിലെ സെന്‍ട്രല്‍ എക്സൈസ് ഇനത്തിലുള്ള കുടിശികയില്‍ കേസുകളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. നികുതി കുടിശിക തീര്‍പ്പാക്കാനും തര്‍ക്കങ്ങള്‍ പരിഹരിക്കാനും കൃത്യമായ സംവിധാനം ധനമന്ത്രാലയവും റവന്യൂവകുപ്പും ഒരുക്കേണ്ടതുണ്ട്. അര്‍ഹരായ നികുതിദായകര്‍ക്ക് സാഹചര്യം കണക്കിലെടുത്ത് പിഴയും പലിശയും ഒഴിവാക്കണമെന്ന നിര്‍ദേശവും സജീവമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →