സൊനാലി ഫൊഗട്ടിന് പാര്‍ട്ടിക്കിടെ സഹായികള്‍ ലഹരിമരുന്ന് നല്‍കിയെന്ന് പോലീസ്

പനാജി: ദുരൂഹസാഹചര്യത്തില്‍ മരിച്ച ഹരിയാനയിലെ ബി.ജെ.പി. നേതാവും നടിയുമായ സൊനാലി ഫൊഗട്ടിന്, ഗോവയിലെ റസ്റ്ററന്റില്‍ നടന്ന പാര്‍ട്ടിക്കിടെ സഹായികള്‍ ലഹരിമരുന്ന് നല്‍കിയിരുന്നതായി പോലീസ്. സഹായിയായ സുധീര്‍ സാഗ്വന്‍ ബലമായി ലഹരിപദാര്‍ഥം കലര്‍ത്തിയ ദ്രാവകം കുടിപ്പിക്കുന്നതിന്റെ സി.സി. ടിവി ദൃശ്യങ്ങള്‍ ലഭിച്ചതായി പോലീസ് അറിയിച്ചു.

ദ്രാവകം കുടിച്ചശേഷം അസ്വസ്ഥത അനുഭവപ്പെട്ടു നടക്കാന്‍ പോലും കഴിയാതിരുന്ന സൊനാലിയെ സഹായികള്‍ ഹോട്ടലിലേക്കു കൊണ്ടുപോയി. തനിച്ചു നടക്കാന്‍ പോലും കഴിയാതെ സൊനാലി മറ്റൊരാളുടെ സഹായത്തോടെ മുറിയിലേക്കു നടന്നു നീങ്ങുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. പിറ്റേന്നാണു നടിയെ മരിച്ച നിലയില്‍ ആശുപത്രിയില്‍ എത്തിച്ചത്. കാലിടറി നിന്ന സൊനാലിയെ സുധീര്‍ സാഗ്വന്‍ സഹായിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. പാര്‍ട്ടി നടന്ന കര്‍ളീസ് റസ്റ്ററന്റില്‍നിന്നു പുറത്തേക്കുപോകുമ്പോള്‍ സുധീര്‍ സാഗ്വനും മറ്റൊരു സഹായിയായ സുഖ്വിന്ദര്‍ സിങ്ങും ഒപ്പമുണ്ടായിരുന്നു. കൊലക്കുറ്റം ചുമത്തി രണ്ടുപേരെയും പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. സൊനാലിക്ക് ലഹരിമരുന്നു നല്‍കിയെന്ന് ഇവര്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു. ആന്തരാവയവങ്ങളുടെ രാസപരിശോധനയ്ക്കു ശേഷമേ മരണകാരണം സംബന്ധിച്ചു വ്യക്തത ലഭിക്കൂ. സൊനാലിയുടെ മൃതദേഹത്തില്‍ മൂര്‍ച്ചയില്ലാത്ത ആയുധം പ്രയോഗിച്ചതുമൂലമുള്ള പരുക്കുകളുണ്ടെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരിച്ച നിലയില്‍ നടിയെ ആശുപത്രിയില്‍ എത്തിച്ചത്. ഹൃദയസ്തംഭനം മൂലം മരിച്ചെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ സൊനാലിയുടെ സഹോദരന്‍ റിങ്കു ധാക്ക മരണത്തില്‍ സംശയം പ്രകടിപ്പിച്ചു പരാതി നല്‍കിയതോടെയാണു കൂടുതല്‍ അന്വേഷണം നടന്നത്. കുടുംബത്തിന്റെ ആവശ്യപ്രകാരം ഗോവയ്ക്ക് പുറമെ ചണ്ഡിഗഡിലും ആന്തരാവയവങ്ങളുടെ പരിശോധന നടത്തുമെന്നു ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ പറഞ്ഞു. കേസ് സി.ബി.ഐക്കു കൈമാറാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

ഹരിയാനയിലെ ഹിസാര്‍ സ്വദേശിയായ സൊനാലി ടിക്ക് ടോക്കിലൂടെയാണ് ആദ്യം പ്രശസ്തി നേടിയത്. 2020-ല്‍ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ താരമായി. 2008 മുതല്‍ ബി.ജെ.പിക്കൊപ്പം പ്രവര്‍ത്തിക്കുന്ന സെനാലി 2019-ല്‍ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. സൊനാലിയുടെ ഭര്‍ത്താവ് സഞ്ജയ് ഫൊഗട്ടിനെ 2016-ല്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 15 വയസുള്ള മകളുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →