കറാച്ചി: മണ്‍സൂണും പ്രളയവും ദുരിതം വിതയ്ക്കുന്ന പാകിസ്താനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സര്‍ക്കാര്‍. രാജ്യത്തെമ്പാടുമായി 40 ലക്ഷത്തോളം പേര്‍ വെള്ളപ്പൊക്ക ദുരിതബാധിതരായതോടെയാണ് സര്‍ക്കാര്‍ കടുത്ത തീരുമാനം കൈക്കൊണ്ടത്. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ജൂണില്‍ ആരംഭിക്കുംമുമ്പേതന്നെ ഈവര്‍ഷം പലവട്ടം രാജ്യം പ്രളയദുരിതത്തിന്റെ പിടിയിലായിരുന്നു. ഈവര്‍ഷം ഇതിനോടകം 900-ല്‍ അധികം ആളുകളാണു മഴ-പ്രളയ അനുബന്ധ ദുരന്തങ്ങളില്‍ മരിച്ചത്. മഴ ശക്തിപ്രാപിച്ചതോടെ 48 മണിക്കൂറിനിടെ നാല്‍പ്പതോളം ജീവനുകള്‍ പൊലിഞ്ഞു. 2010-ല്‍ രണ്ടായിരത്തോളം പേരുടെ മരണത്തിനു വഴിവച്ച പ്രളയദുരിതത്തിനുശേഷം പ്രകൃതിദുരന്തത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത് ഈവര്‍ഷമാണെന്നും സര്‍ക്കാര്‍വൃത്തങ്ങള്‍ പറയുന്നു. നിലവില്‍ 42 ലക്ഷത്തോളം പേര്‍ വെള്ളപ്പൊക്കദുരിതത്തിന്റെ ഇരകളായിട്ടുണ്ട്. ഗ്രാമ-നഗര ഭേദമന്യേ ഒട്ടുമിക്ക സ്ഥലങ്ങളും വെള്ളത്തിനടിയിലാണ്. റോഡ്, റെയില്‍ ഗതാഗതം താറുമാറായ നിലയിലാണ്. മിക്കയിടങ്ങളിലും മൊെബെല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കു തടസം നേരിടുന്നുണ്ട്. ഭവനരഹിതരായ ഉള്‍നാടന്‍ ഗ്രാമവാസികളില്‍ പലരും എലിവേറ്റഡ് ഹൈവെകളിലാണ് അഭയം തേടിയിരിക്കുന്നത്. 2.20 ലക്ഷം വീടുകള്‍ തകര്‍ന്നു.
ഇതില്‍ അരലക്ഷത്തോളം വീടുകള്‍ അറ്റകുറ്റപ്പണി നടത്തിയാലും വാസയോഗ്യമാകില്ല. സിന്ധ് പ്രവിശ്യയില്‍ മാത്രം 20 ലക്ഷം ഏക്കറിലെ കൃഷി വെള്ളത്തിനടിയിലാണെന്നും സര്‍ക്കാര്‍കേന്ദ്രങ്ങള്‍ അറിയിച്ചു. ദുരിതത്തില്‍നിന്നു കരകയറുക ലക്ഷ്യമിട്ടാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. സവിശേഷസാഹചര്യം കണക്കിലെടുത്ത് മുന്‍നിശ്ചയിച്ചിരുന്ന ബ്രിട്ടന്‍ സന്ദര്‍ശനം പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് റദ്ദാക്കി. പ്രളയബാധിത പ്രദേശങ്ങളില്‍ അദ്ദേഹം വ്യോമമാര്‍ഗം നിരീക്ഷണം നടത്തി.