തൃശൂർ: തൃശൂരിൽ മൂന്നുപേർക്ക് തെരുവ് നായയുടെ കടിയേറ്റു. തൃശൂർ എരുമപ്പെട്ടി തയ്യൂർ റോഡിൽ ആണ് മൂന്ന് പേർക്ക് തെരുവ് നായയുടെ കടിയേറ്റത്. 12 വയസ്സുകാരൻ ഉൾപ്പെടെ മൂന്നുപേർക്കാണ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. നായയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല
കഴിഞ്ഞ ദിവസം കോട്ടയത്തും തെരുവ് നായയുടെ ആക്രമണം ഉണ്ടായിരുന്നു. വെള്ളൂരിൽ ഉണ്ടായ തെരുവുനായ ആക്രമണത്തിൽ രണ്ടു സ്ത്രീകൾക്ക് ആണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
സംസ്ഥാനത്ത് സ്വൈര്യജീവിതത്തിന് ഭീഷണി ആയി മാറുകയാണ് തെരുവ് നായ ശല്യം. നായകൾ പെറ്റു പെരുകുന്നത് തടയാൻ വന്ധ്യംകരണ പദ്ധതി ഉണ്ടെങ്കിലും പല തദ്ദേശ സ്ഥാപനങ്ങളിലും അത് നടക്കുന്നില്ല. ശാസ്ത്രീയമായ രീതിയിൽ നായകളെ പിടികൂടാൻ ആളില്ലാത്തതും വന്ധ്യംകരണത്തിനും നായ്ക്കളുടെ തുടർന്നുള്ള പരിചരണത്തിനും ഫണ്ട് ഇല്ലെന്നാണ് തദ്ദേശ സ്ഥാപനങ്ങളുടെ വിശദീകരണം. നായകളുടെ കടിയേൽക്കുന്നവരുടെയും പേവിഷബാധയേറ്റ് മരിക്കുന്നവരുടെയും എണ്ണം ഓരോ വർഷവും ക്രമാതീതമായി കൂടുന്നുവെന്നാണ് കണക്കുകളും.