തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സ് ബില്ലാക്കാന്‍ ഉറച്ച് സി.പി.എം. മുന്നോട്ടു പോകുമ്പോഴും സി.പി.ഐ. ഉടക്കില്‍ത്തന്നെ. മന്ത്രിസഭായോഗത്തില്‍ ഇതുസംബന്ധിച്ച് സി.പി.ഐ. പ്രതിനിധികള്‍ എതിര്‍പ്പറിയിച്ചു. നിലവിലെ രൂപത്തില്‍ ബില്‍ അവതരിപ്പിക്കുന്നതിനോടു യോജിപ്പില്ലെന്ന് സി.പി.ഐ. മന്ത്രിമാര്‍ വ്യക്തമാക്കിയതോടെ, ചര്‍ച്ചയ്ക്കു മുഖ്യമന്ത്രി പിണറായി വിജയന്‍ സന്നദ്ധതയറിയിച്ചെന്നു സൂചന.ലോകായുക്ത വിധി തള്ളാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതിനു പകരം സ്വതന്ത്രസ്വഭാവമുള്ള ഉന്നതസമിതിക്ക് അപ്പീല്‍ അധികാരം നല്‍കണമെന്നാണ് സി.പി.ഐ. നിര്‍ദേശം. സി.പി.ഐ. ഭരിക്കുന്ന റവന്യൂ വകുപ്പിന്റെ മന്ത്രിയും ഉള്‍പ്പെട്ടതാകണം സമിതി.
അഴിമതിക്കെതിരായ ലോകായുക്തയുടെ അധികാരങ്ങള്‍ ദുര്‍ബലപ്പെടുത്താനാവില്ല. സര്‍ക്കാര്‍തലത്തില്‍ പ്രശ്നപരിഹാരമുണ്ടായില്ലെങ്കില്‍ നിയമസഭയില്‍ ബില്‍ അവതരിപ്പിക്കുമ്പോള്‍ ഭേദഗതി കൊണ്ടുവരാനാണു സി.പി.ഐ. നീക്കം.
ലോകായുക്ത വിധിക്കെതിരേ മുഖ്യമന്ത്രി, ഗവര്‍ണര്‍, സര്‍ക്കാര്‍ എന്നിവര്‍ക്ക് അപ്പീല്‍ പരിഗണിക്കാമെന്ന ബില്ലിലെ വ്യവസ്ഥയോടു യോജിക്കാനാവില്ലെന്നു മന്ത്രി കെ. രാജന്‍ മന്ത്രിസഭായോഗത്തില്‍ അറിയിച്ചു. സി.പി.ഐയുടെ ബദല്‍നിര്‍ദേശം ഔദ്യോഗികഭേദഗതിയായി ഉള്‍പ്പെടുത്താമെന്നും നിലവില്‍ കരട് ബില്‍ ഈ രൂപത്തില്‍ അവതരിപ്പിക്കാനേ നിര്‍വാഹമുള്ളൂവെന്നും മുഖ്യമന്ത്രിമറുപടി നല്‍കി. ബില്‍ ഇപ്പോഴത്തെ രൂപത്തിലവതരിപ്പിച്ചശേഷം പിന്നീട് ഔദ്യോഗികഭേദഗതിയാകാമെന്നു നിയമമന്ത്രി പി. രാജീവും അറിയിച്ചു. ഇതോടെ സി.പി.ഐ. മന്തിമാര്‍ വഴങ്ങി.ലോകായുക്ത മൂലനിയമത്തില്‍ ഇത്തരമൊരു ഭേദഗതി വരുത്തുന്നതു സര്‍ക്കാരിന്റെ പ്രതിഛായയെ ബാധിക്കുമെന്നാണു സി.പി.ഐ. വാദം. 1998-ല്‍ ഇടതുസര്‍ക്കാര്‍ കൊണ്ടുവന്നതാണ് ലോകായുക്ത നിയമം. മന്ത്രിസഭായോഗത്തിനു തൊട്ടുമുമ്പ് സി.പി.ഐ. മന്ത്രിമാര്‍ കെ. രാജന്റെ ചേംബറില്‍ ഒത്തുചേര്‍ന്നാണു വിയോജിപ്പറിയിക്കാന്‍ തീരുമാനിച്ചത്.