പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് തകര്‍ന്നു

കട്ടപ്പന: പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് തകര്‍ന്നു. വെട്ടിക്കുഴക്കവല കാലാച്ചിറ ഷാജിയുടെ വീട്ടിലാണ് ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ അപകടമുണ്ടായത്. ഭക്ഷണം പാകം ചെയ്യാന്‍ ഗ്യാസ് കത്തിച്ചതോടെ സിലിണ്ടറിലേക്ക് തീ പടരുകയായിരുന്നു.

തുടര്‍ന്ന് വിവരമറിയിച്ചതനുസരിച്ച് ഉടന്‍ കട്ടപ്പനയില്‍നിന്നു ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി. എന്നാല്‍ തീ അണയ്ക്കുവാന്‍ ഉദ്യോഗസ്ഥര്‍ വീടിനകത്തേക്ക് കയറാന്‍ തുടങ്ങിയതും സിലിണ്ടര്‍ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. അടുക്കളയില്‍ സൂക്ഷിച്ചിരുന്ന വസ്തുക്കളും മേല്‍ക്കൂരയും പൂര്‍ണമായി തകര്‍ന്നു. വീടിന്റെ മറ്റ് ഭാഗങ്ങളിലും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അപകടത്തിന് ഏതാനും സമയം മുമ്പാണ് സിലിണ്ടര്‍ വാങ്ങിക്കൊണ്ട് വന്ന് അടുപ്പുമായി ഘടിപ്പിച്ചത്. സിലിണ്ടറിനുള്ളിലെ വാഷറിന് കേട് സംഭവിച്ചതോ റെഗുലേറ്ററിന്റെ തകരാറോ ആകാം ഗ്യാസ് ചോരാന്‍ കാരണമെന്നാണ് ഫയര്‍ഫോഴ്സ് പറയുന്നത്. എന്നാല്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിന് കാരണം വ്യക്തമായിട്ടില്ല. സിലിണ്ടറിന്റെ കാലപ്പഴക്കമാകാം ഇതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വില്ലേജ് ഓഫീസറും ഗ്യാസ് ഏജന്‍സി അധികൃതരും അപകടമുണ്ടായ വീട്ടിലെത്തി സ്ഥിതി വിലയിരുത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →