കണ്ണൂർ: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമന വിവാദത്തിൽ വിശദീകരണവുമായി കണ്ണൂർ സർവകലാശാല. റിസർച്ച് സ്‌കോർ കൂടിയതുകൊണ്ട് നിയമനം ലഭിക്കണമെന്നില്ലെന്നും അതിനാൽ സ്‌കോർ കൂടിയ ആൾ തഴയപ്പെട്ടു എന്ന വാദത്തിൽ കഴമ്പില്ലെന്നും സർവകലാശാല വൈസ് ചാൻസലർ വാർത്താക്കുറിപ്പിൽ അറിയിച്ചു. റിസർച്ച് സ്‌കോർ ഏറ്റവും കുറവുള്ള പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകുക എന്ന മുൻവിധിയോടെയാണ് അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് അഭിമുഖം നടത്തിയതെന്ന് തെളിയിക്കുന്ന രേഖകൾ പുറത്തുവന്നതിന് പിന്നാലെയാണ് സർവകലാശാലയുടെ വിശദീകരണം.
യു.ജി.സി. നിയമത്തിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയ്ക്ക് അപേക്ഷിക്കാൻ മറ്റു യോഗ്യതകൾക്കൊപ്പം 75 റിസർച്ച് സ്‌കോർ മതിയെന്നും ഈ സ്കോർ കൂടുന്നതുകൊണ്ട് മാത്രം നിയമനം ലഭിക്കണമെന്നില്ലെന്നുമാണ് സർവകലാശാലയുടെ വാദം. അധ്യാപക തസ്തികകളിലേക്ക് സർവകലാശാല തയ്യാറാക്കിയ ഓൺലൈൻ അപേക്ഷയിൽ അപേക്ഷാർഥി നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പബ്ലിക്കേഷനുകളുടെ എണ്ണം അടിസ്ഥാനമാക്കിയാണ് സോഫ്റ്റ് വെയർ സ്‌കോർ കണക്കാക്കുന്നത്. യോഗ്യതയുള്ളള്ളവർ മാത്രമേ നിയമിക്കപ്പെടുകയുള്ളുവെന്ന് ഉറുപ്പുവരുത്തിയിട്ടുണ്ടെന്നും സർവകലാശാല വ്യക്തമാക്കി.
വിവരാവകാശ നിയമപ്രകാരം ലഭിച്ച നിർണായക രേഖകളിലാണ് നിയമനത്തിലെ ക്രമക്കേട് പുറത്തുവന്നിരുന്നത്. അഭിമുഖത്തിൽ പങ്കെടുത്ത ആറുപേരിൽ ഗവേഷണ പ്രസിദ്ധീകരണങ്ങൾക്കുള്ള റിസർച്ച് സ്‌കോർ ഏറ്റവും കൂടുതലുള്ളത് ജോസഫ് സ്‌കറിയ എന്നയാൾക്കാണ്, 651 പോയന്റ്. പ്രിയ വർഗീസിനുള്ളത് 156 പോയന്റ് മാത്രമാണെന്നും രേഖകളിൽ പറയുന്നു. അഭിമുഖത്തിൽ ഏറ്റവും കൂടുതൽ മാർക്ക് പ്രിയയ്ക്കാണ്. ഉയർന്ന റിസർച്ച് സ്‌കോറുള്ള മറ്റുള്ളവർക്ക് അഭിമുഖത്തിൽ പ്രിയയെക്കാൾ കുറവ് മാർക്കാണ് നൽകിയതെന്നും രേഖകളിൽ വ്യക്തമായിരുന്നു. ഇതുസംബന്ധിച്ച വിവരാവകാശ രേഖകൾ സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയിൻ കമ്മിറ്റി ഗവർണർക്ക് സമർപ്പിച്ചിട്ടുണ്ട്.

