ആസാദി കാ അമൃത് മഹോത്സവ് സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷം സംഗീത സാന്ദ്രമാക്കാൻ ഏഴിമല നേവൽ അക്കാദമി ബാന്റ് സംഘം ഒരുങ്ങി. ആഗസ്റ്റ് 13 ശനിയാഴ്ച നടക്കുന്ന വാദ്യസംഗീത പരിപാടിയുടെ അവസാനഘട്ട റിഹേഴ്‌സൽ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു. ജില്ലാ ഭരണകൂടം, ഡിടിപിസി, കണ്ണൂർ കോർപറേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ പരിപാടി സംഘടിപ്പിക്കുന്നത്. അന്തർദേശീയ തലത്തിൽ പ്രശസ്തമായ നേവൽ ബാൻഡ് സംഘം ഒരു മണിക്കൂർ നേരം കാണികളെ ആവേശത്തിലാക്കും. മാസ്റ്റർ ചീഫ് പെറ്റി ഓഫീസർ എസ് ജാനകിരാമന്റെ നേതൃത്വത്തിലുള്ള 28 പേരുടെ സംഘമാണ് വാദ്യസംഗീത പരിപാടി അവതരിപ്പിക്കുന്നത്. ഫ്‌ളൂട്ട്, ക്ലാരിനെറ്റ്, വിവിധ തരം സാക്‌സഫോണുകൾ, ഗിറ്റാർ, കീബോർഡ്, ജാസ്ഡ്രം, തബല, സൈലഫോൺ തുടങ്ങി 17 തരം സംഗീതോപകരണങ്ങൾ ചടങ്ങിനെ പ്രൗഢഗംഭീരമാക്കും. ആയോധന ബീറ്റുകൾ, മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ് ഗാനങ്ങൾ, ദേശഭക്തി ഗാനങ്ങൾ എന്നിവയാണ് വേദിയിൽ അവതരിപ്പിക്കുക. പൊതുജനങ്ങൾക്കും പ്രവേശനം ഉണ്ടാവും. മേയർ ടി ഒ മോഹനൻ, എം പിമാരായ കെ സുധാകരൻ, വി ശിവദാസൻ, അഡ്വ. പി സന്തോഷ് കുമാർ, എം എൽ എമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ വി സുമേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ എന്നിവർ മുഖ്യാതിഥികളാകും
ആസാദി കാ അമൃത് മഹോത്സവ്: ശനിയാഴ്ച വാദ്യസംഗീത പരിപാടിയുമായി നേവൽ അക്കാദമി ബാന്റ് സംഘം
