തിരുവനന്തപുരം: ദേശീയോദ്യാനങ്ങളുടെയും വന്യജീവിസങ്കേതങ്ങളുടെയും ഒരു കിലോമീറ്റര്‍ ചുറ്റളവ് ബഫര്‍ സോണായി സംരക്ഷിക്കണമെന്ന 2019 ഒക്ടോബര്‍ 11-ലെ വിവാദതീരുമാനം സര്‍ക്കാര്‍ തിരുത്തി. ഇതുസംബന്ധിച്ച പുതിയ ഉത്തരവ് വനം വകുപ്പ് പുറപ്പെടുവിച്ചു. കഴിഞ്ഞ 27-ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഒന്നാം പിണറായി സര്‍ക്കാരിന്റെ വിവാദ ഉത്തരവ് തിരുത്താന്‍ തീരുമാനിച്ചത്. പരിസ്ഥിതി ലോലമേഖല (ഇ.എസ്.സെഡ്) സംബന്ധിച്ച സുപ്രീം കോടതി ഉത്തരവില്‍ പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിക്കുന്നതിന് മുന്നോടിയായാണിത്. ജനവാസമേഖലകളെയും കൃഷിയിടങ്ങളെയും പൊതുസ്ഥാപനങ്ങളെയും പരിസ്ഥിതി ലോല മേഖലയില്‍ നിന്ന് ഒഴിവാക്കാനായി കേന്ദ്രത്തിന് സമര്‍പ്പിച്ച ഭേദഗതി നിര്‍ശങ്ങളാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. ഇതോടെ 2019-ലെ വിവാദ ഉത്തരവ് ഫലത്തില്‍ റദ്ദാകും. പരിസ്ഥിതി ലോലമേഖല ഒരു കിലോമീറ്ററാക്കിയുള്ള സുപ്രീം കോടതി വിധി ആശങ്കയുയര്‍ത്തിയപ്പോഴാണ് ബഫര്‍ സോണ്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ 2019-ലെ ഉത്തരവും വിവാദമായത്. ഇക്കാര്യത്തില്‍ പുതിയ ഉത്തരവിറക്കാതെ സുപ്രീം കോടതിയെ സമീപിച്ചിട്ടു കാര്യമില്ലെന്ന വിമര്‍ശനവുമുയര്‍ന്നു.
വന്യജീവിസങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ഒരു കിലോമീറ്റര്‍ ചുറ്റളവ് പരിസ്ഥിതി ലോലമേഖലയാക്കണമെന്നും ഖനന-നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണമെന്നുമാണ് സുപ്രീം കോടതി വിധി. ഈ മേഖലകളിലെ കെട്ടിടങ്ങളുടെയും നിര്‍മാണപ്രവര്‍ത്തനങ്ങളുടെയും തല്‍സ്ഥിതി റിപ്പോര്‍ട്ട് മൂന്നുമാസത്തിനകം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.ജനത്തെ ബാധിക്കാത്ത തരത്തില്‍ പ്രശ്നപരിഹാരത്തിനു ശ്രമിക്കുമെന്ന് സര്‍ക്കാര്‍ നിയമ സഭയില്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച ഭേദഗതി നിര്‍ദേശങ്ങള്‍ അംഗീകരിച്ച് ഉത്തരവിറക്കിയത്. ഇക്കാര്യത്തില്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ വനംവകുപ്പിനെ ചുമതലപ്പെടുത്തി.

