തൃശ്ശൂർ : മലയാളി ഓണസദ്യക്ക് വട്ടം കൂട്ടുമ്പോൾ പൊതുവിപണിയിലെ പച്ചക്കറി ഇനങ്ങളിൽ കീടനാശിനി സാന്നിധ്യം ഇരട്ടിച്ചെന്ന് കാർഷിക സർവകലാശാല സാമ്പിൾ പരിശോധന ഫലം. 2021 ഏപ്രിൽ-സെപ്റ്റംബറിൽ 25.74 ശതമാനം സാമ്പിളുകളിൽ കണ്ടെത്തിയ കീടനാശിനി സാന്നിധ്യം ഒക്ടോബർ- മാർച്ചിൽ 47.62 ശതമാനം ഇനങ്ങളിലും എത്തി എന്നാണ് കണ്ടെത്തൽ.
സാമ്പാറിൽ ഉപയോഗിക്കുന്ന വെണ്ടയ്ക്ക, മുരിങ്ങക്ക, ഉള്ളി, കാരറ്റ്, തക്കാളി, കറിവേപ്പില, മല്ലിയില, പച്ചമുളക് എന്നിവയിലെ 40 -70 ശതമാനം സാമ്പിളിലും അനുവദനീയമായ പരിധിയിൽ കൂടുതൽ കീടനാശിനി സാന്നിധ്യം കണ്ടെത്തി.
ഇതിൽ തക്കാളിയിൽ മെറ്റലാക്സിൽ, കാരറ്റിൽ ക്ലോർ പൈറിഫോസ്, മുരിങ്ങക്കയിൽ അസറ്റാമിപ്രിഡ്, പച്ചമുളകിൽ എത്തയോൺ പോലുള്ള ഉഗ്രവിഷങ്ങളാണ് കണ്ടെത്തിയത്. പായസത്തിലെ പ്രധാന ചേരുവയായ ഏലക്കയിലും, ചതച്ച മുളക്, ജീരകം, കസൂരി മേത്തി, കാശ്മീരി മുളക് എന്നിവയിലും ഒക്കെ 44.93 ശതമാനത്തിലും കീടനാശിനി സാന്നിധ്യം കണ്ടെത്തി.
15.38 ശതമാനം ആയിരുന്നു നേരത്തെയുള്ള പരിശോധന ഫലം. പഴങ്ങളിൽ ആപ്പിളിലും, മുന്തിരിയിലുമാണ് കൂടുതൽ. ജൈവമെന്ന പേരിലുള്ള സ്ഥാപനങ്ങളിലെ ബീൻസ്, ഉലുവയില , പാഴ്സലി, മുളക്, ക്യാരറ്റ്, സലാഡ് വെള്ളരി, പാവയ്ക്ക എന്നിവയിൽ 30-50 ശതമാനത്തിനും വിഷം ഉണ്ട്. അതേസമയം നേന്ത്രപ്പഴം, സവാള, മത്തൻ, കുമ്പളം, കായ എന്നിവയിൽ കീടനാശിനി സാന്നിധ്യം കണ്ടെത്താത്തതാണ് ആശ്വാസം. സംസ്ഥാനത്തിന് വിവിധ ഭാഗങ്ങളിൽ നിന്നുള്ള 534 പഴം, പച്ചക്കറി സുഗന്ധവ്യഞ്ജന സാമ്പിളുകളിൽ 187 ലും കീടനാശിനി ഉണ്ട്. പൊതുവിപണി, ഇക്കോ ഷോപ്പ്, ജൈവം എന്ന പേരിലുള്ള സ്ഥാപനങ്ങൾ എന്നിവയ്ക്ക് പുറമേ കർഷകരിൽ നിന്ന് നേരിട്ടും സാമ്പിൾ എടുത്തിരുന്നു.
ചുവന്ന ചീര, ക്യാപ്സിക്കം, ബജി മുളക്, ഉലുവ, പുതിന, ബീൻസ്, കക്കിരി, കോവയ്ക്ക, മല്ലി, ജീരകം, ഇഞ്ചി, പെരുംജീരകപ്പൊടികൾ എന്നിവയിലെല്ലാം കീടനാശിനി കാണപ്പെടുന്നുണ്ട്.
കാബേജ്, ചേമ്പ്, ചേന, ഇഞ്ചി, വെളുത്തുള്ളി, നെല്ലിക്ക, പച്ചമാങ്ങ, മുസംബി, പപ്പായ, കൈതച്ചക്ക, മാതളം, തണ്ണിമത്തൻ, തക്കോലം, അയമോദകം, കുരുമുളക്, കറുവാപ്പട്ട എന്നിവയാണ് കീടനാശിനി കണ്ടെത്താത്തവ.
പച്ചക്കറി മുറിച്ച് പുളി വെള്ളത്തിൽ കഴുകുന്നത് വിനാഗിരി വെള്ളം, വെജിറ്റബിൾ വാഷ് എന്നിവയേക്കാൾ ഫലപ്രദമാണ്. പഴങ്ങൾ, ഫ്ലവർ, ക്യാരറ്റ് പോലുള്ളവ മുറിക്കാതെ കഴുകാം.

