പാലക്കാട്: വാളയാർ പീഡന കേസിൽ CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി. പുനരന്വേഷണത്തിന് പാലക്കാട് പോക്സോ കോടതി ഉത്തരവിട്ടു. സിബിഐ തന്നെ അന്വേഷിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി. പെണ്‍കുട്ടികളുടെ മരണം കൊലപാതകമല്ലെന്ന പോലീസ് കണ്ടെത്തല്‍ ശരിവച്ചുള്ള കുറ്റപത്രമാണ് സിബിഐയും കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ ഇത് റദ്ദാക്കണമെന്നും കുട്ടികളുടെ മരണം കൊലപാതകമാണെന്നും അമ്മ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഇത് പരിഗണിച്ചാണ് പോക്സോ കോടതിയുടെ ഉത്തരവ്. സത്യം തെളിയുമെന്നാണ് പ്രതീക്ഷയെന്ന് പെണ്‍കുട്ടികളുടെ അമ്മ പ്രതികരിച്ചു. സത്യസന്ധമായ അന്വേഷണം പുതിയ സംഘം നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
നിരന്തരമായ ശാരീരിക പീഡനത്തെ തുടർന്ന് സഹോദരിമാർ ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസിനു പിന്നാലെ സിബിഐയും കണ്ടെത്തിയത്. എന്നാല്‍ തന്റെ മക്കളെ കൊലപ്പെടുത്തിയതാണെന്നായിരുന്നു പെണ്‍കുട്ടികളുടെ അമ്മയുടെ നിലപാട്. ആദ്യത്തെ പെൺകുട്ടിയുടെ മരണത്തിൽ വലിയ മധു എന്നു വിളിക്കുന്ന മധു, ഷിബു, മധു എന്നിവർ പ്രതികളാണെന്ന് സിബിഐ കുറ്റപത്രത്തിൽ പറയുന്നു. രണ്ടാമത്തെ പെൺകുട്ടിയുടെ മരണത്തിൽ വലിയ മധുവും, പ്രായപൂർത്തിയാകാത്ത ആൺകുട്ടിയും പ്രതികളാണ്. പാലക്കാട് പോക്സോ കോടതിയിലാണ് കുറ്റപത്രം നൽകിയത്. തിരുവനതപുരം സിബിഐ യൂണിറ്റ് ഡിവൈഎസ്പി അനന്തകൃഷ്ണനാണ് റിപ്പോർട്ട് നൽകിയത്. ബലാൽസംഗം, പോക്സോ, ആത്മഹത്യ പ്രേരണ എന്നിവയാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. ഷിബുവെന്ന പ്രതിക്കെതിരെ എസ് സി/ എസ് ടി വകുപ്പും ചുമത്തിയിട്ടുണ്ട്.
മൊഴികളുടെയും, ശാസ്ത്രീയ പരിശോധനകളുടെയും അടിസ്ഥാനത്തിലാണ് കുട്ടികളെ കൊലപ്പെടുത്തതിയതെന്ന വാദം സിബിഐയും തള്ളിയത്. കഴിഞ്ഞ മാസം നടത്തിയ ഡമ്മി പരീക്ഷണവും തൂങ്ങിമരണത്തിലേക്കാണ് സിബിഐ സംഘത്തെ എത്തിച്ചത്. എന്നാല്‍ പെണ്‍കുട്ടികളുടെ മരണം കൊലപാതകമാണെന്ന അമ്മയുടെ ഹര്‍ജി പരിഗണിച്ചാണ് പുനരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.