കോഴിക്കോട്: .കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട . ജിദ്ദയിൽ നിന്ന് വന്ന ഇൻഡിഗോ എയർലൈൻസിന്റെ വിമാനത്തിൽ എത്തിയ മലപ്പുറം സ്വദേശി അലിയിൽ നിന്ന് 50 ലക്ഷത്തോളം രൂപ വിലവരുന്ന ഒരു കിലോഗ്രാം സ്വർണ്ണ മിശ്രിതം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കണ്ടെടുത്തു.സ്വർണ മിശ്രിതം കാപ്സ്യൂൾ രൂപത്തിൽ നാല് പായ്ക്കറ്റുകളാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണ്ണമിശ്രിതം കണ്ടെടുത്തത്.
അടുത്തിടെ സ്വർണത്തിന്റെ ഇറക്കുമതി നികുതിയിൽ വർദ്ധനവുണ്ടായതോടെ കള്ളക്കടത്ത് കൂടുതൽ ലാഭമായതാണ് സ്വർണ്ണക്കടത്ത് കൂടാൻ കാരണം. കഴിഞ്ഞ ദിവസം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഉദ്യോഗസ്ഥർ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വച്ച് 1.5 കിലോഗ്രാം സ്വർണ്ണ കട്ടികൾ തമിഴ്നാട് സ്വദേശികളിൽ നിന്ന് പിടികൂടിയിരുന്നു. അസിസ്റ്റന്റ് കമ്മീഷണർ സിനോയ് കെ. മാത്യു വിന്റെ നിർദ്ദേശ പ്രകാരം സൂപ്രണ്ടുമാരായ പ്രവീൺ കുമാർ. കെ.കെ, ബഷീർ അഹമ്മദ്, ഇൻസ്പെക്ടർമാരായ പ്രതീഷ്.എം, മുഹമ്മദ് ഫൈസൽ, ഹെഡ് ഹവിൽദാർ സന്തോഷ് കുമാർ. എം എന്നിവരടങ്ങിയ സംഘമാണ് പരിശോധനയിൽ പങ്കെടുത്തത്

