ടെന്നീസ് ഇതിഹാസം സെറീന വില്യംസ് വിരമിക്കാനൊരുങ്ങുന്നു

ന്യൂയോര്‍ക്ക്: ടെന്നീസ് ഇതിഹാസം സെറീന വില്യംസ് വിരമിക്കാനൊരുങ്ങുന്നു.ഈ മാസം തുടങ്ങുന്ന യു.എസ്. ഓപ്പണിനു ശേഷം വിരമിക്കലില്‍ തീവുമാനമെടുക്കുമെന്നാണ് സൂചന. 40 വയസുകാരിയായ സെറീന 23 ഗ്രാന്‍സ്ലാം കിരീടങ്ങളുടെ ഉടമയാണ്. യു.എസ്. ഓപ്പണില്‍ ജേതാവായാല്‍ 24 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടുന്ന ആദ്യ താരമെന്ന ഖ്യാതി സ്വന്തമാകും. ഒരു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് സെറീന കോര്‍ട്ടില്‍ തിരിച്ചെത്തിയത്.

വിമ്പിള്‍ഡണില്‍ കിരീടം നേടി റെക്കോഡിടാന്‍ ശ്രമിച്ചെങ്കില്‍ പ്രീ ക്വാര്‍ട്ടറില്‍ കടക്കാനായില്ല. ടോറന്റോ ഓപ്പണ്‍ സിംഗിള്‍സ് രണ്ടാം റൗണ്ടില്‍ സ്പെയിന്റെ നൂറിയ പാരിസാസ് ഡിയാസിനെ തോല്‍പ്പിച്ച ശേഷമാണ് സെറീന കളിക്കളം വിടുന്ന സൂചന നല്‍കിയത്. 2017 ലാണു സെറീന അവസാനം ഒരു ഗ്രാന്‍സ്ലാം കിരീടം നേടുന്നത്. മാര്‍ഗരറ്റ് കോര്‍ട്ടിനെ മറികടന്ന് 24 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ എന്ന ലക്ഷ്യം അന്നു മുതല്‍ തുടങ്ങിയതാണ്.

മകള്‍ ഒളിമ്പിയ ജനിച്ച ശേഷം കുറച്ചു നാള്‍ കളിക്കളത്തില്‍നിന്നു വിട്ടുനിന്നു. 1999 ലെ യു.എസ്. ഓപ്പണ്‍ ജേതാവായാണ് സെറീന വരവറിയിച്ചത്. ഏഴ് ഓസ്ട്രേലിയന്‍ ഓപ്പണുകളും മൂന്ന് ഫ്രഞ്ച് ഓപ്പണുകളും ഏഴ് വിമ്പിള്‍ഡണ്‍ കിരീടങ്ങളും സെറീനയുടെ ശേഖരത്തിലുണ്ട്. സഹോദരി വീനസിനൊപ്പം 14 ഗ്രാന്‍സ്ലാം ഡബിള്‍സ് കിരീടങ്ങളും സ്വന്തമാക്കി. നാല് ഒളിമ്പിക്സ് സ്വര്‍ണവും വില്യംസ് സഹോദരിമാരുടെ പേരിലുണ്ട്. 2012 ല്‍ സിംഗിള്‍സ് സ്വര്‍ണവും 2000, 2008, 2012 ഒളിമ്പിക്സുകളില്‍ ഡബിള്‍സിലും സ്വര്‍ണം നേടി. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് വിട്ടുനില്‍ക്കുന്നത്. വോഗ് മാഗസിന് നല്‍കിയ ഫോട്ടോ ഷൂട്ടിനിടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ”വിരമിക്കല്‍ എന്ന വാക്ക് ഇഷ്ടമല്ല. ഒരു പരിവര്‍ത്തനമായാണ് തോന്നുന്നത്. മറ്റുചില കാര്യങ്ങള്‍ ഇപ്പോള്‍ വളരെ പ്രധാനപ്പെട്ടതാണ്” സെറീന പറഞ്ഞു. 29 മുതല്‍ സെപ്റ്റംബര്‍ 11 വരെയാണ് യു.എസ്. ഓപ്പണ്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →