ഇടുക്കി: ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇടുക്കി അണക്കെട്ട് 2022 ആഗസ്റ്റ് 7 ന് തുറക്കും. അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളിൽ ഒന്ന് 70 സെമീ ഉയർത്തുമെന്ന് ഇടുക്കി ജില്ലാ കളക്ടർ ഷീബ ജോർജ്ജ് അറിയിച്ചു. ഡാം തുറക്കുന്നതിന് മുന്നോടിയായി അഞ്ച് വില്ലേജുകളിൽ മൈക്ക് അനൌണ്സമെന്റ് നടത്തും. ആവശ്യമെങ്കിൽ പെരിയാർ തീരത്തുള്ള 79 കുടുംബങ്ങളെ മാറ്റി പാർപ്പിക്കും. വളരെ കുറച്ച് ജലം മാത്രമേ പുറത്തു വിടൂവെന്നും അതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കളക്ടർ പറഞ്ഞു. ഡാം തുറക്കുന്നതിന് മുന്നോടിയായി എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്നും കളക്ടർ വ്യക്തമാക്കി.
അതേസമയം ചാലക്കുടിയിൽ അതീവ ജാഗ്രത. വാൽപ്പാറ, ചാലക്കുടി പ്രദേശങ്ങളിൽ വീണ്ടും മഴയ്ക്ക് സാധ്യതയുണ്ടെന്ന പ്രവചനത്തിൻറെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ചേർന്നു. ക്യാമ്പുകൾ രണ്ട് ദിവസം കൂടി തുടരണമെന്ന് കലക്ടർ നിർദ്ദേശിച്ചു. മാറ്റിപാർപ്പിക്കുന്നതിന്റെ ഭാഗമായി ബന്ധു വീട്ടുകളിലേക്ക് പോയവർ അവിടെ തന്നെ തുടരുന്നുണ്ടെന്നും തിരിച്ചു വന്നിട്ടില്ലെന്നും ഉറപ്പു വരുത്തണമെന്ന് ജനപ്രതിനിധികളോട് ആവശ്യപ്പെട്ടു.
രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ച ബോട്ടുകൾ ഒരുദിവസം കൂടി തുടരാനും കലക്ടർ ആവശ്യപ്പെട്ടു. യോഗത്തിൽ ചാലക്കുടി എംഎൽഎ സനീഷ്‌കുമാർ ജോസഫ്, നഗരസഭാധ്യക്ഷൻ എബി ജോർജ്, തഹസിൽദാർ എൻ രാജു, വിവിധ ഗ്രാമപഞ്ചായത്തുകളുടെ പ്രസിഡന്റുമാർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു
വയനാട് ബാണാസുരസാഗർ ഡാമിൽ ഓഗസ്റ്റ് 6ന് രാത്രിയോടെ റെഡ് അലർട്ട് പ്രഖ്യാപിക്കും. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിലാണ് നടപടി. രാവിലത്തെ സാഹചര്യം കൂടി പരിശോധിച്ച ശേഷമാകും ഡാം തുറക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കുക. ജലനിരപ്പ് വീണ്ടും ഉയർന്നാൽ രണ്ട് ഷട്ടറുകൾ 10 മുതൽ 20 സെന്റീമീറ്റർ വീതം തുറക്കും. ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

